'ഇതാ തെളിവ്, തെറ്റിയത് ഫോർത്ത് അംപയർക്ക്!'- ടൈംഡ് ഔട്ട് അനീതിയെന്ന് ആഞ്ചലോ മാത്യൂസ്

തനിക്ക് ക്രീസിലെത്താൻ അഞ്ച് സെക്കൻഡുകൾ കൂടി സമയം ഉണ്ടായിരുന്നുവെന്നാണ് മാത്യൂസ് പറയുന്നത്
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

ന്യൂഡൽഹി: ബം​ഗ്ലാദേശിനെതിരായ ശ്രീലങ്കയുടെ ലോകകപ്പ് പോരാട്ടം നാടകീയതകൾ നിറഞ്ഞതായിരുന്നു. ടൈംഡ് ഔട്ടാകുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ആഞ്ചലോ മാത്യൂസ് മാറിയ മത്സരം ആരാധകരിൽ അമ്പരപ്പും സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മാത്യൂസ്. തന്നോട് അനീതിയാണ് അംപയർമാർ കാണിച്ചതെന്നു തെളിവ് സഹിതം താരം വ്യക്തമാക്കുന്നു.  

തനിക്ക് ക്രീസിലെത്താൻ അഞ്ച് സെക്കൻഡുകൾ കൂടി സമയം ഉണ്ടായിരുന്നുവെന്നാണ് മാത്യൂസ് പറയുന്നത്. ഹെൽമറ്റ് ധരിക്കാനുള്ള ശ്രമത്തിനിടെയാണ് മാത്യൂസിനു കൃത്യ സമയം പാലിക്കാൻ കഴിയാതെ പോയത് എന്നാണ് അംപയർമാർ വിലയിരുത്തിയത്. 

'ഫോർത്ത് അംപയർക്കാണ് പിഴച്ചത്! ഹെൽമറ്റ് ധരിച്ച് ക്രീസിലെത്താൻ എനിക്ക് അഞ്ച് സെക്കൻഡുകൾ കൂടി ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന വീഡിയോ തെളിവുകൾ ഇവിടെ കാണിക്കുന്നു! ഫോർത്ത് അംപയർക്ക് ഇനി ഇതു തിരുത്താൻ കഴിയുമോ? സുരക്ഷയാണ് പരമ പ്രധാനം. അതിനാൽ ​ഹെൽമറ്റില്ലാതെ ബൗളറെ നേരിടാൻ സാധിക്കില്ല'- മാത്യൂസ് തന്റെ ഔദ്യോ​ഗിക എക്സ് പേജിൽ വ്യക്തമാക്കി. സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു താരത്തിന്റെ വാദം. 

അനുവദനീയ സമയമായ 2 മിനിറ്റുകൾക്ക് പത്ത് സെക്കൻഡുകൾ കൂടി ബാക്കിയുള്ളപ്പോഴേക്കും ആഞ്ചലോ മാത്യൂസ് ക്രീസിലെത്തി എന്നാണ് സ്റ്റാർ സ്പോർട്സ് ടൈമറിൽ കാണിക്കുന്നത്. ഒരു മിനിറ്റും 50 സെക്കൻഡും എത്തിയപ്പോഴേക്കും അംപയർമാർ താരത്തെ ഔട്ട് വിളിച്ചുവെന്നാണ് ആരാധകർ ഈ സ്ക്രീൻ ഷോട്ട് വച്ച് ചൂണ്ടിക്കാട്ടുന്നത്.

ഒരു ബാറ്റർ ഔട്ടായി അടുത്ത ബാറ്റർ ക്രീസിലെത്താനുള്ള സമയം മൂന്ന് മിനിറ്റായിരുന്നു നേരത്തെ. ഇത് രണ്ട് മിനിറ്റാക്കി നിയമം ഭേദ​ഗതി സമീപകാലത്ത് വരുത്തിയിരുന്നു.

25ാം ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകി. 

പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീല്‍ നല്‍കി. അമ്പയര്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന്‍ ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ ഒരു അധ്വാനവും ഇല്ലാതെ ബംഗ്ലാദേശിനു ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റും കിട്ടി. 

ഒരു ബാറ്റര്‍ പുറത്തായാല്‍ അടുത്ത താരത്തിനു ഡഗൗട്ടില്‍ നിന്നു ക്രീസിലെത്തി തയ്യാറെടുക്കാന്‍ രണ്ട് മിനിറ്റുകളാണ് നിയമം അനുസരിച്ച് ഉള്ളത്. ഈ സമയത്തിനുള്ളില്‍ താരത്തിനു ക്രീസിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എതിര്‍ ടീമിനു ടൈംഡ് ഔട്ട് വിളിക്കാം. ഈ നിയമമാണ് നിര്‍ണായക ഘട്ടത്തില്‍ ബംഗ്ലാദേശ് എടുത്തു പ്രയോഗിച്ചത്. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് താരമായി ശ്രീലങ്കന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ മാറുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com