'ഉളുപ്പില്ലാതെ ഓരോന്നു തട്ടിവിടുന്നു, ഇതിനൊക്കെ എന്തിനു മറുപടി പറയണം'

ഹസന്‍ റാസയ്ക്ക് പിന്നാലെ സിക്കന്ദര്‍ ഭക്താണ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ഇന്ത്യയുടെ വിജയങ്ങളില്‍ മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്കുള്ള അസഹിഷ്ണത നിറഞ്ഞ ജല്‍പ്പനങ്ങള്‍ ഒരു മറുപടിയും അര്‍ഹിക്കുന്നതല്ലെന്നു വീണ്ടും വെട്ടിത്തുറന്നു പറഞ്ഞ് മുന്‍ ക്യാപ്റ്റനും ഇതിഹാസവുമായ വസീം അക്രം. ഒപ്പം തന്നെ മുന്‍ പാക് നായകന്‍മാര്‍ കൂടിയായ മൊയിന്‍ ഖാന്‍, ഷൊയിബ് മാലിക് എന്നിവരും ഭക്തിന്റെ അഭിപ്രായം തള്ളി.

ഹസന്‍ റാസയ്ക്ക് പിന്നാലെ സിക്കന്ദര്‍ ഭക്താണ് കഴിഞ്ഞ ദിവസം വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ടോസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തട്ടിപ്പ് കാണിക്കുന്നുവെന്നായിരുന്നു ഭക്തിന്റെ വിചിത്ര വാദം. 

ഇക്കാര്യത്തെക്കുറിച്ച് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് അക്രം അഭിപ്രായം വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്ന മൊയിന്‍ ഖാനും മാലികും സമാന രീതിയില്‍ തന്നെ പ്രതികരിച്ചു. 

'ടോസ് ചെയ്യുന്ന നാണയം എവിടെ വീഴുമെന്നു ആര്‍ക്കാണ് തീരുമാനിക്കാന്‍ സാധിക്കുക. താഴെ പതിച്ചിട്ടുള്ള മാറ്റ് സ്‌പോണ്‍സര്‍ഷിപ്പിനു വേണ്ടി മാത്രമുള്ളതാണ്. അവിടെ തന്നെ വീഴണമെന്നു നിര്‍ബന്ധമൊന്നുമില്ല. ഇങ്ങനെയൊക്കെ അഭിപ്രായം പറയുന്ന മുന്‍ താരങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഇതില്‍ അഭിപ്രായം പറയാന്‍ പോലും എനിക്ക് താത്പര്യമില്ല'- അക്രം വ്യക്തമാക്കി. 

'അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ചുമ്മാ ഓരോ വിടുവായിത്തരം പറഞ്ഞ് ബഹളം വയ്ക്കുന്നു. ഓരോ ക്യാപ്റ്റന്‍ ഓര തരത്തിലാണ് നാണയം ടോസ് ചെയ്യുന്നത്'- മൊയിന്‍ ഖാന്‍ വ്യക്തമാക്കി. ഇതൊക്കെ എന്തിനു ചര്‍ച്ച ചെയ്യുന്ന എന്നായിരുന്നു മാലികിന്റെ പ്രതികരണം. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നാണ് സിക്കന്ദര്‍ ആരോപിച്ചത്. ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ രോഹിത് എതിര്‍ ക്യാപ്റ്റന്‍മാര്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം. 

'ടോസിനായി ഇരു നായകരും നില്‍ക്കുമ്പോള്‍ രോഹിത് ടോസ് അകലേയ്ക്കാണ് ചെയ്യുന്നത്. എതിര്‍ ക്യാപ്റ്റനു അവിടെ പോയി ഇതു സൂക്ഷ്മമായി വിലയിരുത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും രോഹിതിനു അനുകൂലമായിരിക്കും ടോസ്'- സിക്കന്ദര്‍ പറഞ്ഞു. പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ താരത്തിന്റെ വിചിത്ര വാദം. 

നേരത്തെ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് ഐസിസി തയ്യാറാക്കി നല്‍കുന്നുവെന്ന ആരോപണവുമായാണ് ഹസന്‍ റാസ ആദ്യം എത്തിയത്. ഇതിനെതിരെ മുന്‍ പാക് ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com