'ട്രാന്‍സ് ജെന്‍ഡര്‍ കാരണം വെങ്കല മെഡൽ പോയി'- ഞെട്ടിച്ച് സ്വപ്‌ന ബര്‍മന്‍; 'തെളിവു നിരത്തി പറയു'- വെല്ലുവിളിച്ച് നന്ദിനി അഗസാര

തെലങ്കാനയില്‍ നിന്നുള്ള അത്‌ലറ്റാണ് 20 കാരിയായ നന്ദിനി അഗസാര. 5712 പോയിന്റുകള്‍ നേടിയാണ് നന്ദിനി വെങ്കലം സ്വന്തമാക്കിയത്. സ്വപ്‌ന ബര്‍മനു 5708 പോയിന്റുകളായിരുന്നു
സ്വപ്ന, നന്ദിനി/ ട്വിറ്റർ
സ്വപ്ന, നന്ദിനി/ ട്വിറ്റർ

ന്യൂഡല്‍ഹി: ഹെപ്റ്റാത്‌ലന്‍ സഹ താരം സ്വപ ബര്‍മന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പരാമര്‍ശത്തില്‍ പ്രതികരിച്ച് നന്ദിനി അഗസാര. ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാത്‌ലന്‍ വെങ്കല മെഡല്‍ ജേതാവാണ് നന്ദിനി. ഈയിനത്തില്‍ നിലവിലെ ചാമ്പ്യന്‍ ലേബലില്‍ ഇറങ്ങിയ സ്വപ്‌ന ബര്‍മന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

തെലങ്കാനയില്‍ നിന്നുള്ള അത്‌ലറ്റാണ് 20 കാരിയായ നന്ദിനി അഗസാര. 5712 പോയിന്റുകള്‍ നേടിയാണ് നന്ദിനി വെങ്കലം സ്വന്തമാക്കിയത്. സ്വപ്‌ന ബര്‍മനു 5708 പോയിന്റുകളായിരുന്നു. നാലാം സ്ഥാനത്താണ് താരം എത്തിയത്. 

പിന്നാലെയാണ് സഹ താരത്തിനെതിരെ സ്വപ്‌ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. നന്ദിനി ട്രാന്‍സ്‌ജെന്‍ഡറാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ വിഷയം അവതരിപ്പിക്കാന്‍ നന്ദിനി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ആരെയും പ്രത്യേകം പരാമര്‍ശിക്കാത്ത ഒരു ട്വീറ്റാണ് വിവാദത്തിനു ആധാരം. ഈ ട്വീറ്റ് പിന്നീടു നീക്കം ചെയ്യപ്പെട്ടു. 

'ചൈനയിലെ ഹാങ്ചൗവില്‍ നടന്ന 19ാം ഏഷ്യന്‍ ഗെയിംസില്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ കാരണം എനിക്കെന്റെ വെങ്കല മെഡല്‍ നഷ്ടമായി. ഇത് അത്‌ലറ്റിക്‌സ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് എന്റെ മെഡല്‍ തിരിച്ചു വേണം. എന്നെ സഹായിക്കു. ദയവായി എന്നെ പിന്തുണയ്ക്കു'- ഇതായിരുന്നു ട്വീറ്റിലെ വാചകങ്ങള്‍. 

ഇതിനെതിരെയാണ് നന്ദിനി പ്രതികരണവുമായി എത്തിയത്. ആരോപണം തെളിവുകള്‍ നിരത്തി തെളിയിക്കാന്‍ നന്ദിനി സ്വപ്നയെ വെല്ലുവിളിച്ചു. 

'ഞാന്‍ എന്താണെന്നു എനിക്കറിയാം. ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്നു തെളിയിക്കുന്ന എന്താണ് അവരുടെ കൈയില്‍ ഉള്ളത്. അതു കാണിക്കു'- നന്ദിനി വെല്ലുവിളിച്ചു. 

'വിഷയം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്യും. മെഡല്‍ നേട്ടം ആഘോഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ നടന്നില്ല. എന്റെ അമ്മയ്ക്ക് സുഖമില്ല. എത്രയും പെട്ടെന്നു നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിച്ചത്'- നന്ദിനി പ്രതികരിച്ചു. 

അതിനിടെ, ട്വീറ്റ് ഡിലീറ്റ് ചെയ്ത സ്വപ്‌ന പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടികളില്‍ അഗാസരയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

നാല് മാസത്തിനുള്ളില്‍ ഇത്തരമൊരു പ്രകടനം സാധ്യമല്ലെന്നു സ്വപ്‌ന പറയുന്നു. ഏഷ്യന്‍ ഗെയിംസില്‍ അഗസാര മത്സരിക്കില്ലെന്നു താന്‍ കരുതിയതായും അവര്‍ പറയുന്നു. 

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികച്ച രീതിയില്‍ തുടങ്ങിയ സ്വപ്‌നയ്ക്ക് പക്ഷേ പിന്നീടുള്ള ഇനങ്ങളില്‍ മികവിലെത്താന്‍ സാധിച്ചില്ല. ഹൈ ജംപ്, ഷോട്ട് പുട്ട് ഇനങ്ങളിലും താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com