തുടക്കം വിറച്ചു, വിജയം വിട്ടില്ല; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പാകിസ്ഥാന്‍ ലോകകപ്പില്‍ തുടങ്ങി

ബാസ് ഡെ ലീഡ് 67 റണ്‍സുമായി ടോപ് സ്‌കോററായി. താരത്തിനു പുറമെ ഓപ്പണര്‍ വിക്രംജിത് സിങ് 52 റണ്‍സ് നേടി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഹൈദരാബാദ്: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന് വിജയം. 81 റണ്‍സിനാണ് പാകിസ്ഥാന്‍ ജയം പിടിച്ചത്. പാകിസ്ഥാന്‍ മുന്നില്‍ വച്ച 287 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 205 റണ്‍സില്‍ അവസാനിച്ചു. 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിനു എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്‌സിന്റെ ചെറുത്തു നില്‍പ്പ് 41 ഓവറില്‍ അവസാനിച്ചു. 

ബാസ് ഡെ ലീഡ് 67 റണ്‍സുമായി ടോപ് സ്‌കോററായി. താരത്തിനു പുറമെ ഓപ്പണര്‍ വിക്രംജിത് സിങ് 52 റണ്‍സ് നേടി. ലോഗന്‍ വാന്‍ മീകരന്‍ 28 റണ്‍സെടുത്തു പുറത്താകാതെ നിന്നു ജയിപ്പിക്കാന്‍ വിഫലം ശ്രമം നടത്തി. ഈ മൂന്ന് പേരും ഒഴിച്ച് ബാക്കി ആരും കാര്യമായി കളിച്ചില്ല. 

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഹാരിസ് റൗഫ് പാക് നിരയില്‍ തിളങ്ങി. ഹസന്‍ അലി രണ്ട് വിക്കറ്റെടുത്തു. പന്തെറിഞ്ഞ എല്ലാവരും വിക്കറ്റെടുത്തു. ഷഹീന്‍ അഫ്രീദി, ഇഫ്തിഖര്‍ അഹമദ്, മുഹമ്മദ് നവാസ്, ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി നെതര്‍ലന്‍ഡ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ന്ന അവര്‍ മധ്യനിര, വാലറ്റ താരങ്ങളുടെ സംഭാവനാ മികവില്‍ 49 ഓവറില്‍ 286 റണ്‍സില്‍ എത്തി. എല്ലാ വിക്കറ്റും പക്ഷേ അവര്‍ക്ക് നഷ്ടമായി. 
തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി പാക് ടീം പരുങ്ങി. 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്വാന്‍- സൗദ് ഷക്കീല്‍ സഖ്യമാണ് അവരെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. 68 റണ്‍സ് വീതമാണ് ഇരുവരും എടുത്തത്. നാലാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. 

സൗദ് ഷക്കീല്‍ ഒന്‍പത് ഫോറും ഒരു സിക്സും തൂക്കി. റിസ്വാന്‍ എട്ട് ഫോറുകള്‍ അടിച്ചു. 

പിന്നീട് മുഹമ്മദ് നവാസ് (39), ഷദബ് ഖാന്‍ (32) എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പും പൊരുതാവുന്ന സ്‌കോറിലേക്ക് പാകിസ്ഥാനെ നയിച്ചു. അവസാന പത്തോവറില്‍ ഇരുവരും നടത്തിയ പോരാട്ട മികവാണ് പൊരുതാവുന്ന സ്‌കോറിലേക്ക് പാക് ടീമിനെ എത്തിച്ചത്. 13 റണ്‍സുമായി ഷഹീന്‍ അഫ്രീദി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് 16 റണ്‍സെടുത്തു. 

നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് നാല് വിക്കറ്റുകള്‍ നേടി. കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com