'ആ ക്യാച്ച് നിര്‍ണായകം അല്ല'- കോഹ്‌ലിയെ കൈവിട്ടതില്‍ ഹെയ്‌സല്‍വുഡ്

ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് മിച്ചല്‍ മാര്‍ഷ് കോഹ്‌ലി നല്‍കിയ ക്യാച്ച് വിട്ടത്. എന്നാല്‍ ആ ക്യാച്ച് വലിയ കാര്യമൊന്നുമല്ലെന്നു ഹെയ്‌സല്‍വുഡ് തന്നെ പറയുന്നു
കോഹ്‍ലിയുടെ ക്യാച്ച് വിടുന്ന മിച്ചൽ മാർഷ്/ ട്വിറ്റർ
കോഹ്‍ലിയുടെ ക്യാച്ച് വിടുന്ന മിച്ചൽ മാർഷ്/ ട്വിറ്റർ

ചെന്നൈ: ഇന്ത്യക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ എട്ടാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് കോഹ്‌ലിയുടെ ക്യാച്ച് വിട്ടിരുന്നു. അതിന്റെ വില കൂടിയായിരുന്നു ഓസീസിന്റെ തോല്‍വി. രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ പിഴുത് ഓസ്‌ട്രേലിയ മികച്ച രീതിയില്‍ ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിനു തുടക്കമിട്ടു. എന്നാല്‍ നാലാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും ചേര്‍ന്ന സഖ്യം അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 

ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് മിച്ചല്‍ മാര്‍ഷ് കോഹ്‌ലി നല്‍കിയ ക്യാച്ച് വിട്ടത്. എന്നാല്‍ ആ ക്യാച്ച് വലിയ കാര്യമൊന്നുമല്ലെന്നു ഹെയ്‌സല്‍വുഡ് തന്നെ പറയുന്നു. കളത്തില്‍ അത്തരം സന്ദര്‍ഭങ്ങള്‍ എല്ലാവരും നേരിടേണ്ടി വരുമെന്നു മിച്ചല്‍ മാര്‍ഷിനെ സംരക്ഷിച്ച് താരം വ്യക്തമാക്കി. 

എട്ടാം ഓവറില്‍ കോഹ്‌ലി അടിച്ച പന്ത് ക്യാച്ചെടുക്കുന്നതില്‍ അലക്‌സ് കാരിയും മിച്ചല്‍ മാര്‍ഷും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. ഇതോടെ രണ്ട് പേരും ക്യാച്ച് കൈവിടുകയും ചെയ്തു. 

'കോഹ്‌ലിയുടെ ക്യാച്ച് കൈവിട്ടത് നിര്‍ണായകമായി എന്നു ഞാന്‍ കരുതിയിട്ടില്ല. അതെല്ലാം കളിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. കാരി അവിടെ എത്തുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മിച്ച് ക്യാച്ചെടുക്കുമെന്നാണ് ഞാന്‍ കരുതിയത്. കാരി തൊട്ടടുത്ത് എത്തിയപ്പോഴായിരിക്കാം ഒരുപക്ഷേ മിച്ചിനു കണ്‍ഫ്യൂഷന്‍ സംഭവിച്ചത്.' 

'ഇത്തരം സന്ദര്‍ഭങ്ങളെല്ലാം കളിയില്‍ സ്വാഭാവികമാണ്. ഞങ്ങള്‍ മികച്ച പ്രകടനത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതു തുടരുക തന്നെ ചെയ്യും'- ഹെയ്‌സല്‍വുഡ് പ്രതികരിച്ചു.

ക്യാച്ച് വിടുമ്പോള്‍ കോഹ്‌ലി 12 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു. പുറത്തായിരുന്നെങ്കില്‍ ഇന്ത്യ നാലിനു 20 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്കും എത്തുമായിരുന്നു. എന്നാല്‍ പിന്നീട് കോഹ്‌ലിയും രാഹുലും ചേര്‍ന്നു ഓസീസ് പ്രതീക്ഷകളെ കരുതലോടെ ഇല്ലായ്മ ചെയ്യുന്നതാണ് ചെപ്പോക്കില്‍ കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com