'യുവ താരങ്ങളേ... കോഹ്‌ലിയെ കണ്ട് പഠിക്കു'- ഉപദേശവുമായി ഗംഭീര്‍

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരിലെ വിജയത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഓസ്ട്രേലിയക്കെതിരെ കോഹ്‌ലിയുടെ ബാറ്റിങ്/ പിടിഐ
ഓസ്ട്രേലിയക്കെതിരെ കോഹ്‌ലിയുടെ ബാറ്റിങ്/ പിടിഐ

ചെന്നൈ: മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കണ്ടു പഠിക്കണമെന്ന ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടീമിലെ യുവ താരങ്ങളോടാണ് മുന്‍ താരത്തിന്റെ ഉപദേശം. പ്രതിസന്ധി ഘട്ടത്തില്‍ ബാറ്റ് ചെയ്യേണ്ടതെങ്ങനെ എന്നതാണ് കോഹ്‌ലിയിലൂടെ യുവ താരങ്ങള്‍ പഠിക്കേണ്ടതെന്നു ഗംഭീര്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ പോരിലെ വിജയത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ടീം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അപകട സാധ്യതകള്‍ കുറഞ്ഞ ഷോട്ടുകള്‍ കളിക്കുക, അടിത്തറ കെട്ടിപ്പടുക്കുക എന്നിവയെല്ലാം പ്രധാനമാണ്. അതെല്ലാം കോഹ്‌ലി ഇന്നലെ ചെയ്തു. ആറ് ബൗണ്ടറികള്‍ മാത്രമാണ് ആ ഇന്നിങ്‌സിലുള്ളത് എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം സ്പിന്നിനെ നേരിട്ട രീതിയാണ് ഇതിലെ നിര്‍ണായക ഘടകം. സ്പിന്നില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു.'

'ടീമിലെ യുവ താരങ്ങള്‍ക്ക് ഈ ഇന്നിങ്‌സ് ഒരു പാഠ പുസ്തകമാണ്. അദ്ദേഹം പുലര്‍ത്തുന്ന ബാറ്റിങിലെ സ്ഥിരത, ഫിറ്റ്‌നസിന്റെ പ്രാധാന്യം എന്നിവയെല്ലാം ഇതില്‍ നിര്‍ണായകമാണ്. ടി20 ഫോര്‍മാറ്റ് ഉള്ളതിനാല്‍ ഗ്രൗണ്ടിനു പുറത്തേക്ക് അടിക്കാനുള്ള മനോവിചാരം ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് കൂടുതലുണ്ട്.' 

'എന്നാല്‍ ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അത്തരം സാഹസികതകള്‍ക്ക് സ്ഥാനമില്ല. ക്രീസിലെത്തിയാല്‍ ആദ്യം തന്നെ വേണ്ടത് സാഹചര്യങ്ങളെ മനസിലാക്കുക, അനായാസമാക്കി തീര്‍ക്കുക എന്നതാണ്. ഇത്തരത്തിലെല്ലാം ടീമിലെ യുവ താരങ്ങള്‍ക്ക് കോഹ്‌ലിയില്‍ നിന്നു ഒരുപാട് പഠിക്കാനുണ്ട്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു ആത്മവിശ്വാസത്തോടെ അതിനെ നേരിടാനുള്ള സാഹചര്യം സ്വയം സൃഷ്ടിക്കണം. അതെല്ലാം ഇന്നലെ കോഹ്‌ലിയില്‍ കണ്ടു.' 

'വലിയ ഷോട്ടുകള്‍ അടിക്കാന്‍ നില്‍ക്കാതെ പരമാവധി സിംഗിളുകളും ഡബിള്‍സും ഓടിയെടുക്കുക, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക, വിക്കറ്റുകള്‍ക്കിടെയിലുള്ള ഓട്ടം ഇതെല്ലാം പ്രധാനമാണ്. നമ്മുടെ സമര്‍ദ്ദം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് അത്തരത്തിലുള്ള സൂക്ഷ്മതകള്‍. പവര്‍ പ്ലേയിലടക്കം ആ നിയമത്തിന്റെ സാധ്യതകളെ അനുകൂലമാക്കി മാറ്റുന്നതും ഇത്തരം ഘട്ടത്തില്‍ അനിവാര്യമാണ്'- ഗംഭീര്‍ ചൂണ്ടിക്കാട്ടി.

സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച റണ്‍സ് ചെയ്‌സിങ് എന്ന് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിലെ ഓസ്‌ട്രേലിയക്കെതിരായ വിജയത്തെ വിശേഷിപ്പിക്കാം. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി അതും ആദ്യ മൂന്ന് ബാറ്റര്‍മാരും പൂജ്യരായി പുറത്തായ ശേഷമുള്ള ഗംഭീര തിരിച്ചു വരവ്. 

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 165 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം നിര്‍ണയിച്ചത്. 200 റണ്‍സെന്ന അനായാസ ലക്ഷ്യമായിരുന്നുവെങ്കിലും തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടം ഇന്ത്യക്ക് വന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി- രാഹുല്‍ സഖ്യം കരുതലോടെ നീങ്ങി ഇന്ത്യയെ സുരക്ഷിത വിജയത്തിലെത്തിച്ചു. 

116 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ മാത്രം കണ്ട ഇന്നിങ്‌സില്‍ കോഹ്‌ലി 85 റണ്‍സെടുത്തു. വിജയത്തിന്റെ വക്കിലാണ് താരം പുറത്തായത്. രാഹുല്‍ 115 പന്തില്‍ 97 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com