'ഇത് ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക്'; ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം സമര്‍പ്പിച്ച് റിസ് വാന്‍

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ റെക്കോര്‍ഡ് വിജയം ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക് സമര്‍പ്പിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ് വാന്‍
മുഹമ്മദ് റിസ് വാന്‍,   എക്സ്
മുഹമ്മദ് റിസ് വാന്‍, എക്സ്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ റെക്കോര്‍ഡ് വിജയം ഗാസയിലെ സഹോദരീസഹോദരന്മാര്‍ക്ക് സമര്‍പ്പിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ് വാന്‍. മത്സരത്തില്‍ പുറത്താകാതെ 131 റണ്‍സ് നേടിയ റിസ് വാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. 

'ഇത് ഗാസയിലെ ഞങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്ക് സമര്‍പ്പിക്കുന്നു. വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മുഴുവന്‍ ടീമിനും പ്രത്യേകിച്ച് വിജയം എളുപ്പമാക്കുന്നതിന് സഹായിച്ച അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും നന്ദി. ഇത് എളുപ്പമാക്കിയതിന്. ആതിഥ്യമര്യാദയ്ക്കും പിന്തുണ നല്‍കിയതിനും ഹൈദരാബാദിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദിയുണ്ട്. '-റിസ്‌വാന്‍ എക്‌സില്‍ കുറിച്ചു. ഗാസയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇതിനോടകം ആയിരത്തിലധികം ആളുകളാണ് മരിച്ചത്.

അബ്ദുള്ള ഷഫീഖ് - മുഹമ്മദ് റിസ് വാന്‍ കൂട്ടുകെട്ടാണ് പാകിസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഷഫീഖ് 113 റണ്‍സെടുത്തു. ഷഫീഖ് പുറത്തായ ശേഷവും പേശിവലിവിന്റെ വേദനകളെയും അതിജീവിച്ച് പൊരുതിയ മുഹമ്മദ് റിസ് വാന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയിപ്പിച്ചാണ് മടങ്ങിയത്. റിസ് വാന്‍ 131 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 121 പന്തില്‍ മൂന്ന് സിക്‌സും എട്ടു ഫോറും അടങ്ങുന്നതാണ് റിസ് വാന്റെ ഇന്നിങ്‌സ്. 

ലങ്ക ഉയര്‍ത്തിയ 344 റണ്‍സ് നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പാകിസ്ഥാന്‍ മറികടന്നത്. ഏകദിന ലോകകപ്പില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് വിജയത്തിലൂടെ പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com