200 പോലും കടത്തിയില്ല!;  പാകിസ്ഥാനെ എറിഞ്ഞിട്ടു; വിജയലക്ഷ്യം 192 റണ്‍സ്

ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്.
വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം
വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

അഹമ്മദാബാദ്: പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ് അയക്കുകയായിരുന്നു. 42.5 ഓവറില്‍ പാക് താരങ്ങള്‍ കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ,പാണ്ഡ്യ, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ടോപ്‌സ്‌കോറര്‍. അസം അര്‍ധ സെഞ്ച്വറി നേടി. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്ഥാന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. 24 പന്തില്‍നിന്ന് 20 റണ്‍സാണ് ഷഫീഖ് നേടിയത്. 13ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടിച്ചാണ് ഇമാം ഉല്‍ ഹഖ് പുറത്തായത്. 38 പന്തില്‍ 36 റണ്‍സാണ് സമ്പാദ്യം.

ഇടയ്ക്ക് റിസ്വാനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുത്തെങ്കിലും, ഡിആര്‍എസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേര്‍ന്ന് റിസ്വാന്‍ 19ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പാക് ഇന്നിങ്‌സില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം 30ാം ഓവറില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്തായി. 58 പന്തില്‍ 50 റണ്‍സ് നേടിയ ബാബര്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. 7 ഫോര്‍ ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീല്‍ (10 പന്തില്‍ 6) കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖര്‍ അഹമ്മദും അതേ ഓവറില്‍ ബോള്‍ഡായി. ഒരു ഫോര്‍ മാത്രമാണ് താരത്തിന് നേടാനായത്.

49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ തൊട്ടടുത്ത ഓവറില്‍ ബുമ്ര മടക്കി. 69 പന്തില്‍നിന്ന് 7 ഫോര്‍ ഉള്‍പ്പെടെയാണ് റിസ്വാന്‍ 49 റണ്‍സ് നേടിയത്. ഒരു ഓവറിന്റെ ഇടവേളയില്‍ മടങ്ങിയെത്തിയ ബുമ്ര ഷദാബ് ഖാനെ (5 പന്തില്‍ 2) ക്ലീന്‍ ബോള്‍ഡാക്കി. 4 റണ്‍സ് നേടിയ മുഹമ്മദ് നവാസിനെ ഹാര്‍ദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ 12 റണ്‍സുമായി ഹസന്‍ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു ഇത്തവണ വിക്കറ്റ്. 11ാമനായി ഇറങ്ങിയ ഹാരിസ് റൗഫിനെ (6 പന്തില്‍ 2) ജഡേജ മടങ്ങിയതോടെ പാക് തിരശീല വീണു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com