ഞെട്ടിച്ച ബൗളിങ് ചെയ്ഞ്ചുകൾ, അളന്നു മുറിച്ച തീരുമാനങ്ങൾ, വൈവിധ്യം നിറച്ച ബാറ്റിങ്! അഹമ്മദാബാദിലെ 'രോഹിറ്റ്സ്'

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്ഥാനെ തകർക്കാൻ എല്ലാം കൊണ്ടു മുന്നിൽ നയിച്ച് രോ​ഹിത് ശർമ വെട്ടിത്തിളങ്ങി
രോ​ഹിത് ശർമ/ പിടിഐ
രോ​ഹിത് ശർമ/ പിടിഐ

അഹമ്മദാബാദ്: ശരീര ഭാഷയിൽ പതിവുള്ള തണുത്ത പ്രതികരണങ്ങൾക്ക് പകരം ഫ്രഷ് മനോഭാവം. അടിമുടി ആത്മവിശ്വാസം. ആദ്യ പകുതിയിലെ ​ഗ്രൗണ്ടിലെ പോസിറ്റീവ് സമീപനം ബാറ്റിങിലും ആവർത്തിച്ച കണിശത. അളന്നു മുറിച്ച തന്ത്രങ്ങൾ. ഞെട്ടിക്കുന്ന ബൗളിങ് മാറ്റങ്ങൾ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്ഥാനെ തകർക്കാൻ എല്ലാം കൊണ്ടു മുന്നിൽ നയിച്ച് രോ​ഹിത് ശർമ വെട്ടിത്തിളങ്ങി. തന്ത്രങ്ങൾ മെനയാൻ ക്യാപ്റ്റൻസിയിൽ പരിചയ സമ്പത്തുള്ള വിരാട് കോഹ്‍ലി, കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ എന്നിവരുടെ സഹായം തേടാൻ ഒട്ടും മടി കാണിക്കാതെയും രോഹിത് നിലകൊണ്ടു.

രോ​ഹിതിന്റെ കിടിലൻ തന്ത്രങ്ങളിൽ കുരുങ്ങി മുന്നൂറിനു മുകളിൽ ടോട്ടൽ സ്വപ്നം കണ്ട് കുതിച്ച പാകിസ്ഥാൻ പെടുന്നനെ പടുകഴിയിലേക്ക് വീണു പോയി. രണ്ടിന് 155 എന്ന നിലയിൽ മുന്നേറിയ പാക് നിര 200 പോലും കടക്കാതെ 42.5 ഓവറിൽ വെറും 191 റൺസിൽ പുറത്ത്. അവസാന എട്ട് വിക്കറ്റുകൾ വീണത് വെറും 36 റൺസിൽ!

ടോസ് നേടി ബൗൾ ചെയ്യാനുള്ള രോ​ഹിതിന്റെ തീരുമാനം പാളിപ്പോയോ എന്ന നിലയിലാണ് കാര്യങ്ങൾ തുടങ്ങിയത്. പാക് ഓപ്പണർമാർ നിലയുറപ്പിച്ചു പോരാടുന്നു. പിന്നീടെത്തിയ ക്യാപ്റ്റൻ ബാബർ അസം, മിന്നും ഫോമിൽ ബാറ്റ് വീശുന്ന മുഹമ്മദ് റിസ്വാൻ എന്നിവരും പിടി തരാതെ കുതിക്കുന്നു. പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിൽ. 

30ാം ഓവർ എറിയാൻ അതുവരെ നിറം മങ്ങി എറിഞ്ഞ മുഹമ്മദ് സിറാജിനെ രോ​ഹിത് വീണ്ടും വിളിക്കുന്നു. പലരും തീരുമാനത്തിൽ ഒരു നിമിഷം അമ്പരന്നു. എന്നാൽ 29ാം ഓവറിന്റെ നാലാം പന്തിൽ അതുവരെ പ്രതിരോധിച്ചു കളിച്ച, അർധ സെഞ്ച്വറിയുമായി കുതിച്ച ബാബർ അസമിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് സിറാജ് രോഹിതിന്റെ വിശ്വാസം കാത്തു. 

ഒരു വശത്ത് കുൽദീപിന്റെ സ്പിന്നിനെ നിലനിർത്തി രോ​ഹിത്. ഏഴോവർ എറിഞ്ഞിട്ടും പക്ഷേ കുൽദീപ് വിക്കറ്റ് വീഴ്ത്തിയിരുന്നില്ല. എന്നാൽ 33ാം ഓവർ എറിയാൻ കുൽദീപിനെ വീണ്ടും ക്യാപ്റ്റൻ നിയോ​ഗിക്കുന്നു. വമ്പനടിക്കാരായ സൗദ് ഷക്കീലിനെ രണ്ടാം പന്തിൽ വിക്കറ്റിനു മുന്നിൽ കുരുക്കിയും പാക് ടീമിലെ ഏറ്റവും അപകടകാരിയായ ബാറ്റർ ഇഫ്തിഖർ അഹമ്മദിനെ അതേ ഓവറിലെ ആറാം പന്തിൽ ക്ലീൻ ബൗൾ‍‍ഡാക്കിയും പാക് ടീമിനെ തകർച്ചയുടെ ആഴങ്ങളിലേക്ക് കൂടുതൽ തള്ളി. 

അഞ്ച് വിക്കറ്റ് നിലം പൊത്തിയപ്പോഴും പാക് ടീമിനു പ്രതീക്ഷയുടെ ഇന്ധനം നൽകി റിസ്വാൻ അപ്പോഴും ക്രീസിലുണ്ടായിരുന്നു. താരത്തെ മടക്കാനായി പിന്നീട് രോഹിതിന്റെ ശ്രമം. അതിനായി സൂപ്പർ പേസർ ബുമ്രയെ തന്നെ രോ​ഹിത് വീണ്ടും നിയോ​ഗിച്ചു. 34ാം ഓവറിന്റെ അവസാന പന്തിൽ മുഹമ്മദ് റിസ്വാനെ ഒരു ഓഫ് കട്ടറിലൂടെ സ്റ്റംപ് പിഴുത് ബുമ്ര പാകിസ്ഥാനെ ഞെട്ടിച്ചു. 

പിന്നീട് ചടങ്ങ് തീർക്കാനുള്ള ചുമതല രോ​ഹിത് ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ സഖ്യത്തിനു നൽകി. തുടക്കത്തില്‍ പാണ്ഡ്യ ഇമാം ഉള്‍ ഹഖിനെ മടക്കിയിരുന്നു. രണ്ടാം സ്‌പെല്ലില്‍ താരം മുഹമ്മദ് നവാസിനെ കൂടി പുറത്താക്കി. ഒടുവിൽ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ജഡേജ പാക് പതനം പൂര്‍ണമാക്കി അവരുടെ പെട്ടിയിൽ അവസാന ആണിയും അടിച്ച് ക്യാപ്റ്റന്‍ തന്ത്രത്തെ സാധൂകരിച്ചു. ഇന്ത്യൻ ബൗളിങിന്റെ വൈവിധ്യത്തിൽ ഹതാശരായി പാക് പട അഹമ്മദാബാദിൽ വിറങ്ങലിച്ചു നിന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com