'മിക്കി ആര്‍തറേ, എനിക്കു കാര്യം പിടികിട്ടി!'- പാക് കോച്ചിനെ ട്രോളി വസിം ജാഫര്‍

സ്വന്തം രാജ്യത്ത് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടത് ചൂണ്ടിയായിരുന്നു ജാഫറിന്റെ ട്രോള്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: പലപ്പോഴും രസകരമായ ട്വീറ്റുകളുമായി രംഗത്തെത്താറുള്ള ആളാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ലോകകപ്പിലെ കനത്ത തോല്‍വിക്ക് വിചിത്രമായ ന്യായീകരണമാണ് പാക് കോച്ച് മിക്കി ആര്‍തര്‍ നല്‍കിയത്. ആര്‍തറിനെ ട്രോളുകയാണ് ഇപ്പോള്‍ ജാഫര്‍. 

ഇന്ത്യന്‍ ടീമിനു ലഭിച്ച ഹോം പിന്തുണയാണ് തോല്‍വിക്ക് കാരണമെന്ന പരോക്ഷ വിമര്‍ശനമാണ് ആര്‍തര്‍ മത്സര ശേഷം നടത്തിയത്. കളി ഐസിസി ടൂര്‍ണമെന്റായിരുന്നില്ല, ബിസിസിഐ ടൂര്‍ണമെന്റായിരുന്നു എന്നും ആര്‍തര്‍ പരിഹസിച്ചിരുന്നു. 

സ്വന്തം രാജ്യത്ത് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ടത് ചൂണ്ടിയായിരുന്നു ജാഫറിന്റെ ട്രോള്‍. പാകിസ്ഥാന്‍ എന്തുകൊണ്ടാണ് സ്വന്തം മണ്ണില്‍ പരമ്പര തോറ്റത് എന്നതിനു തനിക്കിപ്പോഴാണ് ഉത്തരം കിട്ടിയതെന്നും അതിനു മിക്കി ആര്‍തറിനോടു കടപ്പാടുണ്ടെന്നും ജാഫര്‍ പരിഹസിച്ചു. 

'പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ പരമ്പര തോറ്റത് എങ്ങനെയെന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പക്ഷേ എനിക്കിപ്പോള്‍ കാര്യം ബോധ്യമായി. അതിനു മിക്കി ആര്‍തറിനോടു ഞാന് നന്ദി പറയുന്നു. അവരുടെ സ്‌റ്റേഡിയത്തില്‍ ആവശ്യത്തിനു ഡിജെ ഇല്ലാത്തതും 'ദില്‍ ദില്‍ പാകിസ്ഥാന്‍'- എന്നു ആരവം ഉയര്‍ത്താന്‍ ആളില്ലാത്തതും ഭൂരിഭാഗം ആരാധകര്‍ നീല ജേഴ്‌സി ധരിച്ച് സ്റ്റേഡിയത്തിലെത്തിയതുമാണ് അവര്‍ക്ക് തോല്‍വി സംഭവിക്കാന്‍ കാരണം എന്നു ഇപ്പോള്‍ എനിക്കു മനസിലായി'- ജാഫർ കുറിച്ചു.

'ഞാന്‍ കള്ളം പറയുകയല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഈ മത്സരം ഐസിസി പരിപാടിയായി തോന്നിയില്ല. വെറും ഉഭയകക്ഷി മത്സരമായി മാത്രമാണ് അനുഭവപ്പെട്ടത്. കാണികളുടെ ആഘോഷത്തില്‍ കളിക്കാരുമായി സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ദില്‍ ദില്‍ പാകിസ്ഥാന്‍ എന്ന ആരവം മൈക്രോഫോണില്‍ കേട്ടില്ല.'

'പക്ഷേ തോല്‍വിക്കു ഇതൊരു ഒഴിവുകഴിവായി ഞാന്‍ മുന്നോട്ടു വയ്ക്കുന്നില്ല. ഈ രാത്രി ഇന്ത്യന്‍ താരങ്ങളുടേതാണ്. ഇനി അടുത്ത കളിയെക്കുറിച്ചാണ് ചിന്തിക്കാന്‍ പോകുന്നത്'- ഇതായിരുന്നു ആര്‍തറിന്റെ പ്രതികരണം. ആര്‍തറിന്റെ പ്രിതകരണത്തോട് മുന്‍ പാക് ക്യാപ്റ്റന്‍ വസിം അക്രവും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com