പരസ്യം, ടെലിവിഷന്‍, ഗെയിമിങ് വരുമാനത്തിലും കമ്മിറ്റിയുടെ കണ്ണ്; ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് വരുമ്പോള്‍...

ക്രിക്കറ്റിലൂടെ ലഭിക്കുന്ന ടെലിവിഷന്‍, പരസ്യ വരുമാനമടക്കമുള്ളവ കമ്മിറ്റി കാര്യമായി തന്നെ കണക്കിലെടുക്കുന്നു
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാഷും കമ്മിറ്റി അം​ഗമായ നിത അംബാനിയും/ ട്വിറ്റർ
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാഷും കമ്മിറ്റി അം​ഗമായ നിത അംബാനിയും/ ട്വിറ്റർ

മുംബൈ: 123 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുമ്പോള്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മുന്നില്‍ കാണുന്നത് ക്രിക്കറ്റിന്റെ ജനപ്രീതി മാത്രമല്ല. അതിന്റെ വരുമാന സാധ്യതകളും അംഗീകാരം നല്‍കുന്നതില്‍ നിര്‍ണായകമായി. ക്രിക്കറ്റിന്റെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20യ്ക്ക് ലോകമെങ്ങും വലിയ ജനപ്രീതിയുണ്ട്. ഈ ജനപ്രീതിയും പുതിയ നേട്ടത്തിനു പിന്നില്‍ മുഖ്യമാണ്.

ക്രിക്കറ്റിലൂടെ ലഭിക്കുന്ന ടെലിവിഷന്‍, പരസ്യ വരുമാനമടക്കമുള്ളവ കമ്മിറ്റി കാര്യമായി തന്നെ കണക്കിലെടുക്കുന്നു. ക്രിക്കറ്റ് വരുന്നതോടെ ഒളിംപിക്‌സ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള വിപണി മത്സരവും ഉയരും. ഗെയിമിങ് ആപ്പുകളടക്കമുള്ളവയിലൂടെയും വരുമാന സാധ്യതകളുണ്ട്. സംപ്രേഷണാവകാശത്തിനായുള്ള ലേലമടക്കം തുകയില്‍ ഒറ്റയടിക്ക് 20- 30 ശതമാനം വരെ വര്‍ധനയും പ്രതീക്ഷിക്കുന്നു. 

അമേരിക്കയില്‍ ഏഷ്യന്‍ പ്രവാസികള്‍ ധാരളമുണ്ട്. അവര്‍ ക്രിക്കറ്റ് ഏറെ ആസ്വദിക്കുന്നവരാണ്. ലോസ് ആഞ്ജലസിൽ മത്സരം അരങ്ങേറുമ്പോൾ അവരെല്ലാം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ലോകത്ത് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധകരുള്ള കായിക ഇനമായി ക്രിക്കറ്റ് പതിയെ പതിയെ മാറുന്നുണ്ട് പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റിലെ മത്സരങ്ങള്‍. ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്കന്‍ യുവത്വം ക്രിക്കറ്റിന്റെ ടി20 ഫോര്‍മാറ്റ് ആസ്വദിക്കുന്നതും അതിന്റെ ജനപ്രീതി ഉയരുന്നതിന്റെ തെളിവാണ്.  

ഒളിംപിക്‌സിലേക്ക് വരുന്നതോടെ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയ്ക്കും മാറ്റം വരും. ലോകകപ്പിനേക്കാള്‍ വലിയൊരു ക്യാന്‍വസിലേക്കുള്ള ക്രിക്കറ്റിന്റെ പ്രവേശനമാണ് അതില്‍ പ്രധാനം. 

ഒളിംപിക്‌സ് മെഡല്‍ കഴുത്തിലണിഞ്ഞ് പോഡിയത്തില്‍ നില്‍ക്കുക എന്നതു ഏതൊരു കായിക താരവും സ്വപ്‌നം കാണുന്ന അസുലഭ നിമിഷമാണ്. 1896നു ശേഷം ആദ്യമായി ക്രിക്കറ്റ് താരങ്ങള്‍ക്കും അതിനു അവസരം തുറന്നിടുകയാണ്. 

ആഗോള തലത്തില്‍ ഫുട്‌ബോളിന്റെ ജനപ്രീതി ക്രിക്കറ്റിനില്ല. പുരുഷ ടി20 റാങ്കിങ് പട്ടികയില്‍ നിലവില്‍ 87 രാജ്യങ്ങളും വനിതാ പട്ടികയില്‍ 66 രാജ്യങ്ങളുമാണ്. ഫിഫയില്‍ അംഗങ്ങളായ പുരുഷ ടീമുകള്‍ 207ഉം വനിതാ ടീമുകള്‍ 186ഉം ആണ്. ഒളിംപിക്‌സിലേക്ക് ടി20 വരുന്നതോടെ ഇക്കാര്യത്തില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

നിലവില്‍ 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് എത്തുന്നത്. അതിനു ശേഷം ക്രിക്കറ്റ് പോരാട്ടത്തെ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. എന്നാല്‍ ആരാധകരെ സ്‌റ്റേഡിയത്തിലെത്തിക്കാനുള്ള കരുത്ത് ടി20 ഫോര്‍മാറ്റിനുണ്ട് എന്നതിനാല്‍ ഒളിംപിക് കമ്മിറ്റി മത്സരം നിലനിര്‍ത്താനുള്ള തീരുമാനം എടുക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com