തുടര്‍ച്ചയായ മൂന്നാം ജയം; മുഷ്താഖ് അലി ട്രോഫിയില്‍ തലപ്പത്ത്; ക്വാര്‍ട്ടര്‍ ബര്‍ത്ത് സജീവമാക്കി കേരളം

മുഹമ്മദ് അസ്ഹറുദ്ദീനെ (1) തുടക്കത്തില്‍ തന്നെ കേരളത്തിനു നഷ്ടമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: സയ്യീദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി കേരളം. ബിഹാറിനെ ആറ് വിക്കറ്റിനു അനായാസം വീഴ്ത്തി കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി നിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ബിഹാറിനെ നിശ്ചിത ഓവറില്‍ 111 റണ്‍സില്‍ പുറത്താക്കിയ കേരളം വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 117 റണ്‍സെടുത്താണ് വിജയം പിടിച്ചത്. ഗ്രൂപ്പ് ബിയില്‍ ജയത്തോടെ 12 പോയിന്റുകളുമായി കേരളം ഒന്നാം സ്ഥാനത്ത്. 

മുഹമ്മദ് അസ്ഹറുദ്ദീനെ (1) തുടക്കത്തില്‍ തന്നെ കേരളത്തിനു നഷ്ടമായി. എന്നാല്‍ പുറത്താകാതെ 23 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്, രോഹന്‍ കുന്നുമ്മല്‍ (27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 36), വിഷ്ണു വിനോദ് (17 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 32) എന്നിവരുടെ മികവിലാണ് കേരളം അനായാസം ലക്ഷ്യത്തിലെത്തിയത്. 

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ താഴോട്ട് ഇറങ്ങിയപ്പോള്‍ താരത്തിനു ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഒരു റണ്ണുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബൗള്‍ ചെയ്ത കേരളത്തിനായി ബേസില്‍ തമ്പി, കെഎം ആസിഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. വിനോദ് കുമാര്‍, ശ്രേയസ് ഗോപാല്‍, സിജോമോന്‍ ജോസഫ്, അബ്ദുല്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് സ്വന്തമാക്കി. 

ബിഹാറിനായി ഗൗരവ് ജോഷ് 37 റണ്‍സുമായി ടോപ് സ്‌കോററായി. കൃഷ്ണ യാദവ് 23 റണ്‍സും ഷര്‍മന്‍ നിഗ്രോത് 15 റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com