'ഹീത്ത് ഹില്‍ട്ടന്‍ സ്ട്രീക്ക്'- ഗ്രൗണ്ടില്‍, അസാധ്യതയിലും സാധ്യതകള്‍ തിരഞ്ഞ നൈസര്‍ഗിക പ്രതിഭ (വീഡിയോ)

സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് സ്ട്രീക്ക്. വലം കൈയന്‍ പേസറായ സ്ട്രീക്ക് 1993മുതല്‍ 2005 വരെ സിംബാബ്‌വെയ്ക്കായി ടെസ്റ്റ് കളിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിംബാബ്‌വെ ക്രിക്കറ്റ് ഇന്ന് നഷ്ട പ്രതാപത്തിന്റെ കണക്കെടുപ്പിലാണെങ്കില്‍, ഒരു സമയത്ത് അവര്‍ ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ താരങ്ങളെ സംഭാവന ചെയ്ത ടീമായിരുന്നു. ആ സുവര്‍ണ സംഘത്തിന്റെ അച്ചുതണ്ടായിരുന്നു അകാലത്തില്‍ വിട പറഞ്ഞ ഹീത്ത് ഹില്‍ട്ടന്‍ സ്ട്രീക്ക്. അലിസ്റ്റര്‍ കാംപെലിനു ഫ്‌ളവര്‍ സഹോദരന്‍മാര്‍ക്കുമൊപ്പം (ആന്‍ഡി, ഗ്രാന്‍ഡ് ഫ്‌ളവര്‍) സിംബാബ്‌വെ ക്രിക്കറ്റിനു മേല്‍വിലാസമുണ്ടാക്കിയ ഇതിഹാസം. അവരുടെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാള്‍. ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന ചില അനുപമ നേട്ടങ്ങളും താരത്തിന്റെ പേരിലുണ്ട്. 

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍

സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് സ്ട്രീക്ക്. വലം കൈയന്‍ പേസറായ സ്ട്രീക്ക് 1993മുതല്‍ 2005 വരെ സിംബാബ്‌വെയ്ക്കായി ടെസ്റ്റ് കളിച്ചു. 65 മത്സരങ്ങള്‍. 216 വിക്കറ്റുകളാണ് താരം കൊയ്തത്. ഈ റെക്കോര്‍ഡിന്റെ മഹത്വം എന്നത് സ്ട്രീക്കിനു മുന്‍പോ ശേഷമോ ഒരു സിംബാബ്‌വെ താരം പോലും 100നു മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടില്ല എന്നതാണ്. രണ്ടാം സ്ഥാനത്തുള്ള റെ പ്രൈസ് വീഴ്ത്തിയത് 80 വിക്കറ്റുകള്‍. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്.

ടെസ്റ്റില്‍ 1990 റണ്‍സും സ്ട്രീക്ക് നേടി. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറികളും കുറിച്ചു. മികച്ച സ്‌കോര്‍ പുറത്താകാതെ 127 റണ്‍സ്. 

ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍

സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകളും സ്ട്രീക്കിന്റെ പേരില്‍ തന്നെ. 189 മത്സരങ്ങള്‍ ഏകദിനത്തില്‍ കളിച്ച സ്ട്രീക്ക് 237 വിക്കറ്റുകള്‍ നേടി. സ്ട്രീക്കിനു മുന്‍പോ ശേഷമോ ഒരു സിംബാബ്‌വെ താരം പോലും 150നു മുകളില്‍ ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള പ്രോസ്പര്‍ ഉത്സേയ വീഴ്ത്തിയത് 133 വിക്കറ്റുകള്‍. ഏകദിനത്തില്‍ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

2943 റണ്‍സും ഏകദിനത്തില്‍ സ്ട്രീക്ക് സ്വന്തമാക്കി. 13 അര്‍ധ സെഞ്ച്വറികള്‍ അടിച്ചു. 79 റണ്‍സുമായി പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം. 

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

ഏകദിന ലോകകപ്പില്‍ സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും സ്ട്രീക്കാണ്. 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 1996ലെ ലോകകപ്പില്‍ അതികായരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ അടക്കമുള്ളവരെ കുറഞ്ഞ സ്‌കോറില്‍ മടക്കിയും സ്ട്രീക്ക് എതിരാളികളെ ഞെട്ടിച്ചു. 

ടെസ്റ്റിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍

സിംബാബ്‌വെ ക്രിക്കറ്റ് സംഭാവന ചെയ്ത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായിരുന്നു താരം. ടെസ്റ്റില്‍ 1000 പ്ലസ് റണ്‍സും 100 പ്ലസ് വിക്കറ്റുകളും നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ് സ്ട്രീക്ക്. 

എക്കാലത്തേയും മികച്ച ഏകദിന ക്രിക്കറ്റര്‍

സിംബാബ്‌വെയുടെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായിരുന്നു സ്ട്രീക്ക്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ വെട്ടിത്തിളങ്ങിയ ജീനിയസ്. ഏകദിനത്തില്‍ 2500 പ്ലസ് റണ്‍സും 200 പ്ലസ് വിക്കറ്റുകളും സ്വന്തമാക്കിയ ഒറ്റയാന്‍. 

ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം

ഒരു കളിയില്‍ സ്ട്രീക്ക് ഉണ്ടാക്കുന്ന വഴിത്തിരിവുകളാണ് ഈ കണക്കിലെ ഏറ്റവും നിര്‍ണായക ഘടകം. സിംബാബ്‌വെ, ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ച ഗോട് (ഗ്രെയ്റ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ആണ് സ്ട്രീക്ക്. സിംബാബ്‌വെയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ഐക്കണ്‍ ആരെന്ന ചോദ്യത്തിന്റെ ഒരേയൊരു ഉത്തരമായിരുന്നു അയാള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com