ഇന്ത്യയുടെ കോച്ച് ആകുമോ? താത്പര്യം ഇല്ലെന്നു ആശിഷ് നെഹ്‌റ

മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചുമായി ആശിഷ് നെഹ്‌റയുടെ പേരാണ് ഈ ചര്‍ച്ചകളില്‍ നിറയുന്നത്
നെഹ്‌റ/ ഫെയ്സ്ബുക്ക്
നെഹ്‌റ/ ഫെയ്സ്ബുക്ക്

മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നു ഈ നവംബറോടെ രാഹുല്‍ ദ്രാവിഡ് പടിയിറങ്ങാനിരിക്കെ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ ഉയരുന്നു. ആരായാരിക്കും അടുത്ത ഇന്ത്യന്‍ പരിശീലകന്‍ എന്ന ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. 

മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചുമായി ആശിഷ് നെഹ്‌റയുടെ പേരാണ് ഈ ചര്‍ച്ചകളില്‍ നിറയുന്നത്. നെഹ്‌റയെ ഇന്ത്യയുടെ ടി20 ടീം പരിശീലകനെങ്കിലും ആക്കണമെന്നു മുന്‍ താരം ഹര്‍ഭജന്‍ സിങ് ഈയടുത്തു അഭിപ്രായം പറയുകയും ചെയ്തു. എന്നാല്‍ ഈ റോളിലേക്ക് തനിക്ക് തത്പര്യമില്ലെന്ന നിലപാടിലാണ് നെഹ്‌റ നില്‍ക്കുന്നത്. 

ഐപിഎല്ലില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പരിശീലകനാണ് നെഹ്‌റ. മാത്രമല്ല തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ നെഹ്‌റയുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. നിലവില്‍ ടീം രണ്ടാം സ്ഥാനത്താണ്. ഇത്തവണയും അവര്‍ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയപ്പെട്ടു.  

ഗുജറാത്ത് ടൈറ്റന്‍സില്‍ തന്നെ തുടരാനാണ് നെഹ്‌റ താത്പര്യപ്പെടുന്നതെന്നു അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ കരാര്‍ 2025 വരെയുണ്ട്. 

ദ്രാവിഡിന്റെ കാലാവധി ഈ ലോകകപ്പോടെ അവസാനിക്കും. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കണം. 2021ല്‍ രവി ശാസ്ത്രിയുടെ പകരക്കാരനായാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായത്. 2021ലെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. പിന്നാലെയാണ് ശാസ്ത്രിയുടെ കസേര തെറിച്ചത്. 

അതേസമയം വൈറ്റ് ബോള്‍, റെഡ് ബോള്‍ പോരാട്ടങ്ങള്‍ക്കായി വ്യത്യസ്ത പരിശീലകരെ കൊണ്ടു വരാനുള്ള നീക്കവും ഇന്ത്യ നടത്തിയേക്കും. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളെല്ലാം ഇത്തരത്തില്‍ രണ്ട് പരിശീലകരെ വച്ചാണ് ടീമുകളെ സജ്ജീകരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com