കസുന്‍ രജിതയെ സിക്‌സര്‍ തൂക്കി; അനുപമ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ, എലൈറ്റ് പട്ടികയില്‍ 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 53 റണ്‍സുമായി രോഹിത് മടങ്ങി
രോഹിത് ശര്‍മ/ പിടിഐ
രോഹിത് ശര്‍മ/ പിടിഐ

കൊളംബോ: ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ പതിനായിരം റണ്‍സ് സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് നായകന്‍ ബൗണ്ടറി അടിച്ചത്. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 53 റണ്‍സുമായി രോഹിത് മടങ്ങി. 

10000 ഏകദിന റണ്‍സ് നേടുന്ന ആറാം ഇന്ത്യന്‍ താരവും മൊത്തം പട്ടികയില്‍ 15മനായും രോഹിത് ഇരിപ്പുറപ്പിച്ചു. ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ കസുന്‍ രജിതയെ സിക്‌സര്‍ തൂക്കിയാണ് രോഹിത് നാഴികക്കല്ല് തൊട്ടത്. 

241 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിത് 10000 ക്ലബില്‍ അംഗമായത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (18,426), വിരാട് കോഹ്‌ലി (13,026), സൗരവ് ഗാംഗുലി  (11,363), രാഹുല്‍ ദ്രാവിഡ് (10,889), എംഎസ് ധോനി (10,773). എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. 

ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറിയടിച്ച ക്രിക്കറ്റ് ചരിത്രത്തിലെ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരിലാണ്. 2014ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കക്കെതിരെ നേടിയ 264 റണ്‍സ്. 

2013 ഓസ്‌ട്രേലിയക്കെതിരെയാണ് താരം കന്നി ഇരട്ട സെഞ്ച്വറി ഏകദിനത്തില്‍ കുറിച്ചത്. അന്ന് 209 റണ്‍സാണ് എടുത്തത്. 2017ല്‍ ഏകദിനത്തില്‍ മൂന്നാം തവണയും താരം ഇരട്ട ശതകം തൊട്ടു. അപ്പോഴും എതിരാളികള്‍ ലങ്ക തന്നെ. അന്ന് 208 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഈ മൂന്ന് ഇരട്ട സെഞ്ച്വറികളടക്കം ഏകദിനത്തില്‍ 30 ശതകങ്ങള്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ തൂക്കിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്ത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com