'കൂടെ കട്ടയ്ക്ക് നിൽക്കാൻ ആളുണ്ടെങ്കിൽ അവിസ്മരണീയ പ്രകടനം കാണാം, 47ാം സെഞ്ച്വറി ക്ലാസിക്ക് ഉദാഹരണം'- കോഹ്‌ലി

'ടീമിനെ സഹായിക്കുന്ന തരത്തില്‍ കളിയെ ചിട്ടപ്പെടുത്തുന്ന ആളാണ് ഞാന്‍. മികച്ച തുടക്കമല്ല ഇന്നലെ എനിക്കു ലഭിച്ചത്. മറുഭാഗത്ത് കെഎല്‍ മികച്ച രീതിയില്‍ മുന്നേറി'
കോഹ്‍ലിയും രാഹുലും ബാറ്റിങിനിടെ/ പിടിഐ
കോഹ്‍ലിയും രാഹുലും ബാറ്റിങിനിടെ/ പിടിഐ

കൊളംബോ: നമുക്കൊപ്പം ബാറ്റ് ചെയ്യുന്ന ആള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണ് പാകിസ്ഥാനെതിരായ തന്റെ സെഞ്ച്വറിയെന്നു വിരാട് കോഹ്‌ലി. കരിയറിലെ 47ാം ഏകദിന സെഞ്ച്വറിയാണ് കൊളംബോയില്‍ കോഹ്‌ലി കുറിച്ചത്. 

94 പന്തില്‍ പുറത്താകാതെ 122 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. ഒന്‍പത് ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിനു തൊങ്ങല്‍ ചാര്‍ത്തി. 

'ടീമിനെ സഹായിക്കുന്ന തരത്തില്‍ കളിയെ ചിട്ടപ്പെടുത്തുന്ന ആളാണ് ഞാന്‍. മികച്ച തുടക്കമല്ല ഇന്നലെ എനിക്കു ലഭിച്ചത്. മറുഭാഗത്ത് കെഎല്‍ മികച്ച രീതിയില്‍ മുന്നേറി. സ്‌ട്രൈക്ക് കൈമാറാനും എന്റെ ബാറ്റിങ് താളത്തിലാക്കാനും അതെന്നെ സഹായിച്ചു. നമുക്കൊപ്പം ഉള്ള ആള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുമെങ്കില്‍ നമ്മുടെ കളിയില്‍ അതിന്റെ മാറ്റം കാണാമെന്നതിന്റെ ക്ലാസിക്ക് ഉദഹരമാണ് എന്റെ സെഞ്ച്വറി. '

'താളത്തിലായതോടെ എന്റെ സ്വതസിദ്ധമായ കളിയിലേക്ക് എത്താന്‍ സാധിച്ചു. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നതിന്റെ ഗുണവും കണ്ടു. കൂടുതലായി സിംഗിള്‍സും ഡബിള്‍സും എടുക്കാന്‍ ഫിറ്റ്‌നസ് വലിയ ഘടകമാണ്.' 

'രാഹുലും ഞാനും പരമ്പരാഗത ക്രിക്കറ്റിന്റെ വക്താക്കളാണ്. ഏതാണ്ട് സമാന ശൈലിയാണ് ഞങ്ങള്‍ക്ക്. അതിനാല്‍ തന്നെ പിടിച്ചു നിന്നാല്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് ഞങ്ങളെ അത്ര വേഗം പുറത്താക്കാന്‍ കഴിയില്ല. ഫാന്‍സി ഷോട്ടുകള്‍ ഞങ്ങള്‍ ഇരുവരും അധികം കളിക്കാറില്ല.' 

'മത്സരത്തില്‍ ഇത്തരമൊരു കൂട്ടുകെട്ടുയരുമെന്നു ഒട്ടും പ്രതീക്ഷിച്ചതല്ല. രണ്ടാം ദിനവും പിടിച്ചു നിന്നു ബാറ്റ് ചെയ്യുക എന്നതു മാത്രമായിരുന്നു പ്ലാന്‍. പക്ഷേ ലഭിച്ചത് അവിസ്മരണീയ കൂട്ടുകെട്ടാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും. കെഎല്‍ ടീമില്‍ തിരിച്ചെത്തിയതിനു പിന്നാലെയുള്ള ഈ പ്രകടനം ലോകകപ്പിനു പോകുന്ന നമുക്ക് മുതല്‍ക്കൂട്ടാണ്'- കോഹ്‌ലി വ്യക്തമാക്കി. 

തുടരെ വിശ്രമമില്ലാതെ ഏകദിനം കളിക്കേണ്ടി വരുന്നത് ഇതാദ്യത്തെ അനുഭവമാണെന്നു കോഹ്‌ലി വ്യക്തമാക്കി. എന്നാല്‍ ടെസ്റ്റ് കളിക്കുന്ന താനടക്കമുള്ള താരങ്ങളെ സംബന്ധിച്ചു അതൊരു വെല്ലുവിളിയല്ലെന്നു കോഹ്‌ലി വ്യക്തമാക്കി. 

ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങുകയാണ്. ഫലത്തില്‍ തുടരെ മൂന്നാം ദിവസമാണ് ഇന്ത്യ വിശ്രമമില്ലാതെ കളിക്കാന്‍ ഇറങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com