കനത്ത മഴയിലും ഒലിക്കാത്ത പോരാട്ട വീര്യം; ബംഗളൂരുവിനെ തകര്‍ത്ത് മഞ്ഞപ്പട; മധുര പ്രതികാരം!

കഴിഞ്ഞ വര്‍ഷത്തെ ഹൃദയ ഭേദക തോല്‍വിയും പുറത്താകലും ഏല്‍പ്പിച്ച മുറിവിനു പകരം ചോദിക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കച്ചകെട്ടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ തുടക്കം ഉജ്ജ്വലമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരെ 2-1ന്റെ വിജയം സ്വന്തമാക്കിയാണ് കൊമ്പന്‍മാരുടെ തുടക്കം. കളിയുടെ അവസാന നിമിഷങ്ങളിലാണ് ബംഗളൂരു ഒരു ഗോള്‍ മടക്കിയത്. 

കഴിഞ്ഞ വര്‍ഷത്തെ ഹൃദയ ഭേദക തോല്‍വിയും പുറത്താകലും ഏല്‍പ്പിച്ച മുറിവിനു പകരം ചോദിക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കച്ചകെട്ടിയത്. കനത്ത മഴയില്‍ പോരാട്ടം വീര്യം ചോരാതെ ടീം ജയിച്ചു കയറി മധുരമായി തന്നെ പകരം ചോദിച്ചു.

കനത്ത മഴയിലും ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ തടിച്ചുകൂടി. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. 

കളിയിലുടനീളം ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോളാണ് കളിച്ചത്. ആദ്യ പകുതിയില്‍ ആധിപത്യവും മഞ്ഞപ്പടയ്ക്ക് തന്നെ. ബം​ഗളൂരുവും പതിയെ കളിയിലേക്ക് തിരിച്ചെത്തി ആക്രമണം കടുപ്പിക്കുകയായിരുന്നു. ഓൺ ടാർ​ഗറ്റിലേക്ക് ഇരു ടീമുകളും അഞ്ച് തവണ ശ്രമം നടത്തി. ബ്ലാസ്റ്റേഴ്സ് ഒൻപത് തവണയും ബം​ഗളൂരു 10 തവണയും ഷോട്ടുതിർത്തു. ​ഗോൾ പോസ്റ്റിനു കീഴിൽ കൊമ്പൻമാർക്കായി വല കാത്തത് മലയാളി താരം സച്ചിൻ സുരേഷായിരുന്നു.

ബംഗളൂരിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതെങ്കിലും 17 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിലാണ് സെല്‍ഫ് ഗോളിന്റെ പിറവി. കെസിയ വീന്‍ഡ്രോപിന്റെ ഷോട്ടാണ് സെല്‍ഫായി കലാശിച്ചത്. 

69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്. 90ാം മിനിറ്റില്‍ കര്‍ടിസ് മെയ്‌നാണ് ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com