20 ഓവറില്‍ 314!; ഒന്‍പത് പന്തില്‍ ഫിഫ്റ്റി; 34ല്‍ നൂറ്; ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് നേപ്പാള്‍

 ടി ട്വന്റിയിലെ ഉയര്‍ന്ന സ്‌കോര്‍, അതിവേഗ അര്‍ധ സെഞ്ച്വറി, അതിവേഗ സെഞ്ച്വറി എന്നിവ നേപ്പാള്‍ താരങ്ങള്‍ സ്വന്തം പേരില്‍ എഴുതി 
അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ദീപേന്ദ്രസിങ്ങ്‌
അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ദീപേന്ദ്രസിങ്ങ്‌

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് നേപ്പാള്‍. കുട്ടിക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തന്നെ നേപ്പാള്‍ സ്വന്തം പേരിലെഴുതി. മംഗോളിയക്കെതിരെയാണ് നേപ്പാളിന്റെ വീരഗാഥ.

ടി20  ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേട്ടമാണ് റെക്കോര്‍ഡ് പ്രകടനത്തില്‍ ഒന്നാമത്തെത്. മംഗോളിയക്കെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടി. ഇതാദ്യമായാണ്  ടി20 യില്‍ ഒരു ടീം മുന്നൂറ് കടക്കുന്നത്.

മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയും നേപ്പാള്‍ താരം ദീപേന്ദ്രസിങ്ങ് തന്റെ പേരിലാക്കി. വെറും ഒന്‍പത് പന്തില്‍ നിന്നാണ് ദീപേന്ദ്രസിങ് അര്‍ധ സെഞ്ച്വറി നേടിയത്. ഇതോടെ 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ്ങ് 12 ബോളില്‍ നിന്ന് അടിച്ചെടുത്ത അര്‍ധ സെഞ്ച്വറി പഴംകഥയായി. മത്സരത്തില്‍ വെറു പത്ത് പന്തുകള്‍ മാത്രം നേരിട്ട ദീപേന്ദ്ര 52 റണ്‍സ് തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇതിനിടെ എട്ടുതവണയാണ് അദ്ദേഹം സിക്‌സറുകള്‍ പറത്തിയത്.

അതിവേഗ സെഞ്ച്വറിയും ഈ മത്സരത്തോടെ നേപ്പാള്‍ താരം കുശാല്‍ മല്ല തന്റെ പേരിലാക്കി.  34 പന്തില്‍ നിന്നാണ് കുശാല്‍ മൂന്നക്കം കടന്നത്. 50 പന്തുകള്‍ നേരിട്ട അദ്ദേഹം പുറത്താകാതെ 137 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 12 സിക്‌സും 8 ഫോറുകളും ഉള്‍പ്പെടുന്നു. ടി ട്വന്റി ചരിത്രത്തില്‍ അതിവേഗ സെഞ്ച്വറിയുടെ ഉടമകള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറുമായിരുന്നു. 35 പന്തില്‍ നിന്നായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. രോഹിത് ശര്‍മ ശ്രീലങ്കയ്ക്ക് എതിരെയും മില്ലര്‍ ബംഗ്ലാദേശിനെതിരെയുമാണ് അതിവേഗ സെഞ്ച്വറി അടിച്ചത്.

ടി20 യില്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാന്‍ നേടിയ 278 റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മത്സരത്തില്‍ മംഗോളിയയെ 273 റണ്‍സിന് നേപ്പാള്‍ പരാജയപ്പെടുത്തി. 13. 1 ഓവറില്‍ 41 റണ്‍സിന് നേപ്പാള്‍ ഓള്‍ഔട്ടാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com