ടീമിനു ഊഷ്മള വരവേല്‍പ്പ്; പക്ഷേ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് ഇന്ത്യ 'ശത്രു രാജ്യം' തന്നെ! വിവാദം (വീഡിയോ)

പ്രസ്താവന അങ്ങേയറ്റം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നു ചിലര്‍ തുറന്നടിച്ചു
സാക അഷ്റഫ്, ഇന്ത്യയിലെത്തിയ പാക് ടീം/ പിടിഐ
സാക അഷ്റഫ്, ഇന്ത്യയിലെത്തിയ പാക് ടീം/ പിടിഐ

കറാച്ചി: ലോകകപ്പിനായി ടീം ഇന്ത്യയിലെത്തിയതിനു പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും വിവാദം. പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ സാക അഷ്‌റഫിന്റെ വിവാദ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഈയടുത്താണ് പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്കുള്ള വേതനത്തില്‍ വര്‍ധനവ് വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സാക അഷ്‌റഫ് ഇന്ത്യയെ പരോക്ഷമായി ശത്രു രാജ്യമെന്നു പ്രഖ്യാപിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. കളിക്കാരുടെ കരാര്‍ പുതുക്കിയതു സംബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇന്ത്യയെ ശത്രു രാജ്യമെന്നു പരോക്ഷമായി സാക വിശേഷിപ്പിച്ചത്.  

'കളിക്കാരോട് പാക് ക്രിക്കറ്റ് ബോര്‍ഡിനു അങ്ങേയറ്റം സ്‌നഹവും വാത്സല്യവുമുണ്ട്. അതുകൊണ്ടാണ് പുതിയ കരാറില്‍ താരങ്ങള്‍ക്ക് ഇത്രയും തുക അനുവദിച്ചത്. പാക് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്രയും തുക അനുവദിക്കുന്നതു തന്നെ ആദ്യമാണ്. ശത്രു രാജ്യത്തേക്ക് മത്സരിക്കാന്‍ പോകുമ്പോള്‍ കളിക്കാരുടെ മനോവീര്യം ഉയര്‍ത്തുകയായിരുന്നു എന്റെ ലക്ഷ്യം'- സാക വ്യക്തമാക്കി. 

പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്റെ പ്രസ്താവനയെ ആരാധകര്‍ വിമര്‍ശിച്ചു. ഇന്ത്യയില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മറുവശത്ത് പിസിബി ചെയര്‍മാനു ഇന്ത്യ ശത്രു രാജ്യം തന്നെയാണ്. നമ്മള്‍ എന്തു ചെയ്തിട്ടും വലിയ പ്രയോജനമൊന്നുമില്ല. കാരണം പാകിസ്ഥാന്റെ മാനസികാവസ്ഥയും അജണ്ടയും വ്യക്തമാണ്. ഒരു ആരാധകന്‍ വ്യക്തമാക്കി. 

നിരുത്തരവാദപരമായ പരാമര്‍ശമാണ് പാക് ക്രിക്കറ്റ് തലവന്റെ ഭാഗത്തു നിന്നു വന്നിരിക്കുന്നതെന്നു പാകിസ്ഥാന്‍ ആരാധകരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ പാകിസ്ഥാന്റെ ശത്രു രാജ്യമല്ലെന്നും ആരാധകന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവന അങ്ങേയറ്റം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും ചിലര്‍ തുറന്നടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com