തൂക്കിയത് 18 സിക്സുകൾ! ബാറ്റെടുത്തവരെല്ലാം അടിയോടടി; തിളങ്ങി രഹാനെ; കൊൽക്കത്ത താണ്ടണം റൺ മല

രഹാനെയാണ് ടോപ് സ്കോറർ. അമ്പരപ്പിക്കുന്ന ബാറ്റിങ് രഹാനെ ഇത്തവണയും തുടർന്നു. താരം വെറും 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം അടിച്ചെടുത്തത് 71 റൺസ്
അജിൻക്യ രഹാനെയുടെ ബാറ്റിങ്/ പിടിഐ
അജിൻക്യ രഹാനെയുടെ ബാറ്റിങ്/ പിടിഐ

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുന്നിൽ പടുകൂറ്റൻ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 235 റൺസ്. ബാറ്റെടുത്തവരെല്ലാം തകർപ്പനടികളുമായി കളം നിറ‍ഞ്ഞതോടെയാണ് ചെന്നൈ മികച്ച സ്കോർ പടുത്തുയർത്തിയത്. 

ഈഡൻ ​ഗാർഡൻസിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ കൂടിയാണിത്. ടോസ് നേടി കെകെആർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ഇന്നിങ്സിൽ 18 സിക്സുകൾ പിറന്നു. അജിൻക്യ രഹാനെ, ഡെവോൺ കോൺവെ, ശിവം ഡുബെ എന്നിവർ അർധ സെഞ്ച്വറി നേടി. 

രഹാനെയാണ് ടോപ് സ്കോറർ. അമ്പരപ്പിക്കുന്ന ബാറ്റിങ് രഹാനെ ഇത്തവണയും തുടർന്നു. താരം വെറും 29 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും സഹിതം അടിച്ചെടുത്തത് 71 റൺസ്. രഹാനെ പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോൾ രഹാനെയ്ക്കൊപ്പം രണ്ട് റണ്ണുമായി ക്യാപ്റ്റൻ ധോനിയും ക്രീസിൽ നിന്നു. 

ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് ഋതുരാജ് ​ഗെയ്ക്‌വാദ്- ഡെവോൺ കോൺവെ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് ലഭിക്കാൻ കൊൽക്കത്തയ്ക്ക് 73 റൺസ് വരെ കാക്കേണ്ടി വന്നു. 20 പന്തിൽ 35 റൺസുമായി ​ഗെയ്ക്‌വാദ് മടങ്ങി. താരം മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. 

പിന്നീട് ക്രീസിലെത്തിയ അജിൻക്യ രഹാനെയും കൂറ്റനടികളുമായി കളം നിറഞ്ഞു. സ്കോർ 109ൽ എത്തിയപ്പോൾ അർധ സെഞ്ച്വറി നേടിയ കോൺവെയും പുറത്തായി. താരം 56 റൺസെടുത്തു. 40 പന്തിൽ നാല് ഫോറും മൂന്ന് സിക്സും താരം നേടി. 

നാലാമനായി എത്തിയ ശിവം ഡുബെയും തകർപ്പൻ അടി തുടർന്നു. ഇവിടം മുതൽ സ്കോറിങിനും വേ​ഗം കൂടി. ഡുബെ 21 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 50 റൺസ് വാരിയാണ് മടങ്ങിയത്. 

പിന്നീടെത്തിയ ജഡേജ എട്ട് പന്തുകൾ മാത്രമാണ് നേരിട്ടത്. പക്ഷേ രണ്ട് സിക്സുകൾ സഹിതം 18 റൺസെടുത്താണ് താരം മടങ്ങിയത്. 

സുയഷ് ശർമ ഒഴികെ കൊൽക്കത്തയുടെ ആറ് ബൗളർമാരും ഓവറിൽ പത്തിന് മുകളിൽ റൺസ് വഴങ്ങി. നാലോവറിൽ 29 റൺസാണ് സുയഷ് വഴങ്ങിയത്. ഒരു വിക്കറ്റും എടുത്തു. കുൽവന്ത് ഖജോരിയ രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് വരുൺ ചക്രവർത്തിയും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com