തീ പടര്‍ത്തി ഹര്‍മന്‍പ്രീത് കൗര്‍; വനിതാ പ്രീമിയര്‍ ലീഗിന് 'വെടിക്കെട്ട്' തുടക്കം; ഗുജറാത്തിന് മുന്നില്‍ 208 റണ്‍സ് ലക്ഷ്യം വച്ച് മുംബൈ

വെസ്റ്റ് ഇന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസ് തുടക്കമിട്ട വെടിക്കെട്ട് ബാറ്റിങ് പിന്നീടെത്തിയവര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍
അർധ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ/ പിടിഐ
അർധ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ/ പിടിഐ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ടി20 പോരാട്ടത്തിന് ഗംഭീര വെടിക്കെട്ട് ബാറ്റിങോടെ തുടക്കം. ഉദ്ഘാടന പോരാട്ടത്തില്‍ ഗുജറാത്ത് ജയ്ന്റ്‌സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ഗുജറാത്ത് മുംബൈയെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വാരിയത് 207 റണ്‍സ്. ഗുജറാത്തിന് ജയിക്കാന്‍ 208 റണ്‍സ്. 

വെസ്റ്റ് ഇന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസ് തുടക്കമിട്ട വെടിക്കെട്ട് ബാറ്റിങ് പിന്നീടെത്തിയവര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അത് മൂര്‍ധന്യത്തിലെത്തിച്ചു. 

ഓപ്പണര്‍ യസ്തിക ഭാട്ടിയയെ തുടക്കത്തില്‍ തന്നെ മുംബൈയ്ക്ക് നഷ്ടമായെങ്കിലും ഹെയ്‌ലി മാത്യൂസ് ഒരറ്റത്ത് അടിച്ചു തകര്‍ത്തു. ഹെയ്‌ലി 31 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 47 റണ്‍സ് അടിച്ചെടുത്തു. മൂന്നാമതായി ക്രീസിലെത്തിയ നാത് സീവര്‍ 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 23 റണ്‍സ് സ്വന്തമാക്കി. 

പിന്നീട് ഹര്‍മന്‍പ്രീത് കൗറിന്റെ തീപ്പൊരി ബാറ്റിങായിരുന്നു. താരം 30 പന്തില്‍ അടിച്ചെടുത്തത് 65 റണ്‍സ്. 14 ഫോറുകള്‍ സഹിതം വനിതാ പ്രീമിയര്‍ ലീഗില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡ് സ്ഥാപിച്ചാണ് ക്യാപ്റ്റന്‍ കളം വിട്ടത്.  

ഹര്‍മന്‍ നിര്‍ത്തിയ ഇടത്തു നിന്ന് അമേലിയ കെര്‍ തുടങ്ങി. 24 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പൂജ വസ്ത്രാകര്‍ എട്ട് പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 15 റണ്‍സെടുത്ത് പുറത്തായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ഇസി വോങ് പുറത്താകാതെ നിന്ന് മുംബൈയുടെ സ്‌കോര്‍ 207ല്‍ എത്തിച്ചു. 

ഗുജറാത്തിനായി സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആഷ്‌ലി ഗാര്‍ഡ്‌നര്‍, തനുജ കന്‍വര്‍, ജോര്‍ജിയ വരേഹം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com