ഡികെയുടെ വെടിക്കെട്ട്, 'അതുക്കുംമേലെ' സൂര്യയുടെ താണ്ഡ‍വം; ആര്‍സിബിയെ തകര്‍ത്ത് മുംബൈ

സൂര്യകുമാര്‍ താണ്ഡവമാടിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അനായാസം പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്
സിക്സ് പറത്തുന്ന സൂര്യകുമാർ യാദവ്
സിക്സ് പറത്തുന്ന സൂര്യകുമാർ യാദവ്പിടിഐ

മുംബൈ: സൂര്യകുമാര്‍ താണ്ഡവമാടിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ അനായാസം പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു.സീസണില്‍ മുംബൈയുടെ രണ്ടാം ജയവും ആര്‍സിബിയുടെ അഞ്ചാം തോല്‍വിയുമാണിത്.

ഓപ്പണിങ് വിക്കറ്റില്‍ 53 പന്തില്‍ നിന്ന് ഇഷാന്‍ കിഷന്‍ - രോഹിത് ശര്‍മ സഖ്യം 101 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ മുംബൈ കളി ജയിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ പോയി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ബൗളര്‍മാരെ ശിക്ഷിക്കാന്‍ തുടങ്ങിയതോടെ മുംബൈ ജയം ഉറപ്പിക്കുകയായിരുന്നു. വെറും 19 പന്തുകള്‍ മാത്രം കളിച്ച സൂര്യ നാല് സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

സൂര്യ പുറത്തായ ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടര്‍ന്നു. ആറ് പന്തില്‍ മൂന്ന് സിക്സടക്കം 21 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് ഒരു സിക്സറിലൂടെ മുംബൈയുടെ ജയവും കുറിച്ചു. തിലക് വര്‍മ 10 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു.

34 പന്തില്‍ നിന്ന് അഞ്ചു സിക്സും ഏഴ് ഫോറുമടക്കം 69 റണ്‍സ് എടുത്ത ഇഷാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഇഷാന്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ക്ഷമയോടെ കളിച്ച രോഹിത് 24 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 38 റണ്‍സെടുത്ത് മടങ്ങി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 എന്ന മികച്ച ടോട്ടല്‍ ആണ് പടുത്തുയര്‍ത്തിയത്. ദിനേഷ് കാര്‍ത്തിക് അവസാന ഘട്ടത്തില്‍ തകര്‍ത്തടിച്ചതാണ് സ്‌കോര്‍ 190 കടക്കാന്‍ സഹായിച്ചത്. വെറും 23 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും സഹിതം ഡികെ 53 റണ്‍സാണ് വാരിക്കൂട്ടിയത്. അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം ഡികെ ടീമിനെ 196ല്‍ എത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിരാട് കോഹ്ലി (3) തുടക്കത്തില്‍ തന്നെ വീണെങ്കിലും അര്‍ധ സെഞ്ച്വറികള്‍ നേടി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (61), ഇംപാക്ട് പ്ലെയര്‍ രജത് പടിദാര്‍ (50) എന്നിവര്‍ തുടക്കത്തില്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഡുപ്ലെസി നാല് ഫോറും മൂന്ന് സലിക്സും പറത്തി 40 പന്തിലാണ് 60 കടന്നത്. പടിദാര്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 26 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടി മടങ്ങിയത്.

ഗ്ലെന്‍ മാക്സ്വെല്‍ (0) വീണ്ടും പരാജയമായി. മഹിപാല്‍ ലോംറോറും നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പൂജ്യത്തില്‍ മടക്കി. പിന്നീടാണ് ഡികെയുടെ തീ പറത്തും ഫിനിഷിങ്.

മത്സരത്തില്‍ നാലോവറില്‍ 21 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ തിളങ്ങി. ജെറാര്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സിക്സ് പറത്തുന്ന സൂര്യകുമാർ യാദവ്
കാന്‍ഡിഡേറ്റ്‌സ് ചെസ്സ്; നിര്‍ണായക ജയവുമായി ഇന്ത്യയുടെ പ്രഗ്നാനന്ദ, വിദിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com