ഗാവസ്‌കര്‍, കാംബ്ലി, യശസ്വി ജയ്‌സ്വാള്‍! വിശാഖപട്ടണത്തെ ഇരട്ട ശതകം ചരിത്രം; എലൈറ്റ് പട്ടികയില്‍ യുവ താരം

19 ഫോറും ഏഴ് സിക്‌സും സഹിതം 209 റണ്‍സ്
യശസ്വി ജയ്‌സ്വാള്‍
യശസ്വി ജയ്‌സ്വാള്‍പിടിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി ആധികാരിക ബാറ്റിങ് കാഴ്ചവച്ച ഏക താരം യശസ്വി ജയ്‌സ്വാളാണ്. കരിയറിലെ കന്നി ഇരട്ട ശതകം സ്വന്തമാക്കിയ താരം അപൂര്‍വ പട്ടികയിലും ഇടം പിടിച്ചു.

ഇന്ത്യക്കായി ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം യുവ താരമായി യശസ്വി മാറി. ഇതിഹാസ പട്ടികയിലാണ് താരം ഇടം കണ്ടത്. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് മാസ്‌ട്രോമാരായ സുനില്‍ ഗാവസ്‌കര്‍, വിനോദ് കാംബ്ലി എന്നിവരാണ് നേരത്തെ ഈ നേട്ടം ആദ്യം സ്വന്തമാക്കിയവര്‍.

യശസ്വി ജയ്‌സ്വാള്‍
ഇംഗ്ലണ്ടിനു 5 മുന്‍നിര താരങ്ങള്‍ നഷ്ടം; തിരിച്ചടിച്ച് ഇന്ത്യ

22 വയസും 77 ദിവസവും പ്രായമുള്ളപ്പോഴാണ് യശസ്വിയുടെ നേട്ടം. 277 പന്തുകള്‍ നേരിട്ടാണ് താരം ഇരട്ട ശതകത്തിലെത്തിയത്. മത്സരത്തില്‍ 19 ഫോറും ഏഴ് സിക്‌സും സഹിതം 209 റണ്‍സുമായി യശസ്വി മടങ്ങി.

ഇതില്‍ തന്നെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാംബ്ലിയാണ്. 21 വയസും 32 ദിവസവും പ്രായമുള്ളപ്പോഴാണ് കാംബ്ലിയുടെ ഇരട്ട ശതകം പിറന്നത്. അതും ഇംഗ്ലണ്ടിനോടു തന്നെ. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറിക്കാരന്‍ എന്ന റെക്കോര്‍ഡ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ പേരിലാണ്. താരം 19 വയസും 140 ദിവസവും പ്രായമുള്ളപ്പോഴാണ് ഇരട്ട ശതകം അടിച്ചെടുത്തത്.

യശസ്വി ജയ്‌സ്വാള്‍
വാലറ്റം പൊരുതിയില്ല; ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 396 റണ്‍സിന് അവസാനിച്ചു

മറ്റൊരു സവിശേഷതയും യശസ്വിയുടെ ഇരട്ട സെഞ്ച്വറിക്കുണ്ട്. 2019ല്‍ മായങ്ക് അഗര്‍വാള്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഇരട്ട സെഞ്ച്വറി.

ഇടയ്ക്ക് കടന്നാക്രമിച്ചും ഇടയ്ക്ക് സൂക്ഷ്മതയോടെയും ബാറ്റ് വീശിയായിരുന്നു യശസ്വിയുടെ ബാറ്റിങ്. മനഃസാന്നിധ്യം വിടാതെയുള്ള താരത്തിന്റെ മികവ് വരാനിരിക്കുന്ന സുവര്‍ണ നാളുകളിലേക്കുള്ള യാത്രയുടെ തുടക്കം കൂടിയായി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com