ഇന്ത്യ 255ല്‍ പുറത്ത്; ഇംഗ്ലണ്ടിനു ജയിക്കാന്‍ 399 റണ്‍സ്

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ കരുത്തായത്
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്പിടിഐ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയ ലക്ഷ്യം 399 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 253 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ കരുത്തായത്. താരം 147 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സ് സ്വന്തമാക്കി. ഫോം ഇല്ലായ്മയുടെ പേരില്‍ പഴികേട്ട താരം ഒടുവില്‍ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നല്‍കി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ വിശാഖപട്ടണത്ത് കുറിച്ചത്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്
7 വര്‍ഷത്തെ കാത്തിരിപ്പ്! ഈ സെഞ്ച്വറി ഗില്ലിന് ആശ്വാസം, ഇന്ത്യക്കും

വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), ആദ്യ ഇന്നിങ്‌സിലെ ഇരട്ട ശതകക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 29ല്‍ രോഹിതും 30ല്‍ യശസ്വിയും മടങ്ങി.

ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് പുറത്തായത്. 29 റണ്‍സാണ് ശ്രേയസ് എടുത്തത്. ഗില്ലുമായി ചേര്‍ന്നു 81 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് താരം മടങ്ങിയത്. പടിദാര്‍ 9 റണ്‍സുമായി പുറത്തായി.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്
30 ടെസ്റ്റ് സെഞ്ച്വറികൾ; ബ്രാഡ്മാനെ പിന്തള്ളി വില്ല്യംസൻ, നേട്ടം

ഗില്ലിനെ കന്നി ടെസ്റ്റ് കളിക്കുന്ന ഷൊയ്ബ് ബഷീറാണ് ഗില്ലിനെ മടക്കിയത്. ആറാം വിക്കറ്റായി മടങ്ങിയത് അക്ഷര്‍ പട്ടേല്‍. അര്‍ധ സെഞ്ച്വറി എത്തും മുന്‍പ് താരം മടങ്ങി. അക്ഷര്‍ ആറ് ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു.

ആര്‍ അശ്വിനാണ് വാലറ്റത്ത് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 29 റണ്‍സെടുത്തു. ശ്രീകര്‍ ഭരത് ആറ് റണ്ണുമായി മടങ്ങി വീണ്ടും നിരാശപ്പെടുത്തി. പിന്നീടിറങ്ങിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. മുകേഷ് കുമാര്‍ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്‌ലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. രഹാന്‍ അഹമദ് മൂന്ന് വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റുകളും ഷൊയ്ബ് ബഷീര്‍ ഒരു വിക്കറ്റും എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com