ഇംഗ്ലണ്ട് റൂട്ടിലായി; 'ജോറായി' സെഞ്ച്വറി; ഒന്നാം ദിനം 7ന് 302

106 റണ്‍സുമായി ജോ റൂട്ടൂം 31 റണ്‍സുമായി ഒലീ റോബിന്‍സനുമാണ് ക്രീസില്‍.
ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ആദ്യദിനം സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ട്
ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ആദ്യദിനം സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ട് പിടിഐ

റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എടുത്തു. ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 106 റണ്‍സുമായി ജോ റൂട്ടൂം 31 റണ്‍സുമായി ഒലീ റോബിന്‍സനുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 47ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ അതേ സ്‌കോറില്‍ രണ്ടാം വിക്കറ്റും നഷ്ടം. പിന്നീട് കൃത്യമായ ഇടവേളകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി ബലി കഴിക്കേണ്ടി വന്നു.അരങ്ങേറ്റം അവിസ്മരണീയമാക്കി അകാശ് ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തു കാണിച്ചു. പിന്നാലെ പന്തെടുത്ത സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി, സിറാജ് രണ്ട് വിക്കറ്റുകള്‍ നേടി ഇംഗ്ലീഷ് മുറിവില്‍ കൂടുതല്‍ ഉപ്പ് തേച്ചു.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ പേസര്‍ അകാശ് ദീപ് ഇംഗ്ലണ്ടിന്റെ നിര്‍ണായക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അവരുടെ തുടക്കം തകര്‍ത്തു. കഴിഞ്ഞ കളികളില്‍ നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞ ബെന്‍ ഡുക്കറ്റ്, ഓലി പോപ്പ് എന്നിവരെ ഒറ്റ ഓവറില്‍ മടക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ച അകാശ് ദീപ് തൊട്ടുപിന്നാലെ സാക് ക്രൗളിയേയും മടക്കി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ബാസ്‌ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത സാക് ക്രൗളി 42 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു മടങ്ങി. ബെന്‍ ഡുക്കറ്റ് 11 റണ്‍സിലും പുറത്ത്. ഒലി പോപ്പ് പൂജ്യത്തിലും കൂടാരം കയറി.പിന്നീട് ഇന്നിങ്‌സ് നേരെയാക്കാന്‍ ജോണി ബെയര്‍‌സ്റ്റോ- ജോ റൂട്ട് സഖ്യത്തിന്റെ ശ്രമം. ബെയര്‍‌സ്റ്റോ ഫോമിലേക്കെന്ന സൂചന നല്‍കി മുന്നേറവേയാണ് അശ്വിന്‍ പന്തെടുത്തത്. ബെയര്‍‌സ്റ്റോ 35 പന്തില്‍ 38 റണ്‍സുമായി മടങ്ങി. താരം നാല് ഫോറും ഒരു സിക്‌സും തൂക്കി. പിന്നാലെ വന്ന ബെന്‍ സ്റ്റോക്‌സിനെ മൂന്ന് റണ്‍സില്‍ ജഡേജയും മടക്കി.

68ാം ഓവറില്‍ ബെന്‍ ഫോക്സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് സിറാജ് മടക്കി. 47 റണ്‍സെടുത്ത് അര്‍ധ സെഞ്ചുറിക്കരികേ നില്‍ക്കുമ്പോഴാണ് ഫോക്സ് മടങ്ങിയത്. റൂട്ടും ഫോക്സും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 245-ല്‍ നില്‍ക്കേ സിറാജ് ടോം ഹാര്‍ട്ട്ലിയെയും മടക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ 28-റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് 106-റണ്‍സിനും മൂന്നാം ടെസ്റ്റ് 434 റണ്‍സിനും ജയിച്ച് ഇന്ത്യ മുന്നിലെത്തി. റണ്‍സ് അടിസ്ഥാനത്തില്‍ ടീമിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയമാണ് രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. നാലാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ ആദ്യദിനം സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ട്
100 വിക്കറ്റും 1000 റണ്‍സും! ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരം, അശ്വിന്‍ ഇതിഹാസ പട്ടികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com