'ആശ മാജിക്ക്'- ഒറ്റ ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തി കളി മറിച്ചു; ആര്‍സിബി ജയവും 'മലയാളി' കരുത്തില്‍ (വീഡിയോ)

22 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകളുമായി ശോഭന ആശ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ശോഭന ആശ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ശോഭന ആശട്വിറ്റര്‍

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വിജയത്തുടക്കം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളുമായി നിരാശപ്പെടുത്തിയ ബാംഗ്ലൂര്‍ ഇത്തവണ പക്ഷേ മിന്നും തുടക്കമാണിട്ടത്. യുപി വാരിയേഴ്‌സിനെ നാടകീയ പോരില്‍ രണ്ട് റണ്‍സിനു വീഴ്ത്തിയാണ് ആര്‍സിബി വനിതകള്‍ ജയം ആഘോഷിച്ചത്.

മുംബൈക്ക് പിന്നാലെ ബാംഗ്ലൂരിന്റെ ജയത്തിനു പിന്നിലും മലയാളി താരത്തിന്റെ തന്നെ സാന്നിധ്യം. ശോഭന ആശയാണ് കളിയിലെ ഹീറോ. തിരുവനന്തപുരം സ്വദേശിയാണ് 32കാരിയായ ഓള്‍ റൗണ്ടര്‍.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് എടുത്തത്. യുപിയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു.

ഓള്‍ റൗണ്ടറും മലയാളിയുമായ വെറ്ററന്‍ താരം ശോഭന ആശയുടെ മാസ്മരിക ബൗളിങാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. താരം വെറും 22 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ കൊയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുപിയുടെ ബാറ്റിങിന്റെ 17ാം ഓവറാണ് നിര്‍ണയകമായത്. ഈ ഓവറില്‍ മാത്രം ആശ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഈ ഓവര്‍ കളിയുടെ ഗതി മാറ്റുകയും ചെയ്തു. യുപിക്കായി പൊരുതി നിന്ന നാല് നിര്‍ണായക താരങ്ങളെയടക്കം വീഴ്ത്തിയാണ് ആശ കളി ബാംഗ്ലൂരിനു അനുകൂലമാക്കിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയില്‍ നില്‍ക്കെയാണ് യുപി തകര്‍ന്നു പോയത്. ആശയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ആറിന് 128ലേക്കാണ് വീണത്.

ഗ്രേസ് ഹാരിസ് (38), ശ്വേത ഷെരാവത് (31), തഹില മഗ്രാത്ത് (22), ദിനേഷ് വൃന്ദ (18) എന്നിവരാണ് യുപിക്കായി പൊരുതിയത്.

നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ മിന്നും ബാറ്റിങാണ് ബാംഗ്ലൂരിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 37 പന്തില്‍ 12 ഫോറുകള്‍ സഹിതം 62 റണ്‍സ് വാരി. 44 പന്തില്‍ 53 റണ്‍സെടുത്ത് ശബിനേനി മഘ്‌നയും തിളങ്ങി. മറ്റൊരാളും കാര്യമായി സംഭാവന നല്‍കിയില്ല. ക്യാപ്റ്റന്‍ സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 13 റണ്‍സില്‍ വീണു.

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ശോഭന ആശ
മകന്റെ സ്വപ്നം, അമ്മയുടെ ത്യാ​ഗം; അവർ താണ്ടിയ വഴികൾ; ഇംഗ്ലണ്ട് ഞെട്ടിയ 3 വിക്കറ്റിലുണ്ട് എല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com