ഹെയ്ൻ‍റിച് ക്ലാസന്‍/ ട്വിറ്റര്‍
ഹെയ്ൻ‍റിച് ക്ലാസന്‍/ ട്വിറ്റര്‍

ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റ്, പക്ഷേ അവസരമില്ല! ഹെയ്ൻ‍റിച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി

ഈയടുത്ത് സമാപിച്ച ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്ലാസനു അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ വിരമിക്കല്‍

ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ൻ‍റിച് ക്ലാസന്‍. 32കാരനായ താരം അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദീര്‍ഘ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കക്കായി നാല് ടെസ്റ്റുകളിലാണ് താരം ആകെ കളിച്ചത്. 

ഈയടുത്ത് സമാപിച്ച ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ക്ലാസനു അവസരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ വിരമിക്കല്‍. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയിലെ നെടുംതൂണാണ് ക്ലാസന്‍. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

'എന്റെ പേരില്‍ മാറ്റം സംഭവിച്ചിട്ടില്ല, പക്ഷേ ചിന്തയില്‍ ചെറിയൊരു മാറ്റം വന്നിരിക്കുന്നു. ഞാന്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണോ എന്നത് എന്നെ അലട്ടിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതെനിക്ക് ഉറക്കമില്ലാത്ത രാത്രികളും സമ്മാനിച്ചു. ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞാന്‍ എടുത്തിരിക്കുന്നത്. കാരണം ടെസ്റ്റ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റാണ്.' 

'ക്രിക്കറ്റ് മൈതാനത്തും ജീവിതത്തിലും ഞാന്‍ കടുത്ത പോരാട്ടമാണ് നേരിട്ടത്. അതാണ് എന്നെ ഇന്നത്തെ ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയത്. മികച്ച യാത്രയാണിത്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ജീവിതത്തില്‍ ഞാന്‍ തലയില്‍ വച്ച ഏറ്റവും വിലയേറിയ തൊപ്പിയും അതാണ്. എന്റെ റെഡ് ബോള്‍ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്താന്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാനായി ഞാന്‍ കാത്തിരിക്കുന്നു'- വിരമിക്കല്‍ തീരുമാനം അറിയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ക്ലാസന്‍ കുറിച്ചു.

നാല് ടെസ്റ്റുകളില്‍ നിന്നായി 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 35 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 2019ല്‍ ഇന്ത്യക്കെതിരെ റാഞ്ചിയിലാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റ്. 

ഏകദിനത്തില്‍ നാല് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും. 54 മത്സരങ്ങളില്‍ നിന്നു 1723 റണ്‍സ്. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 43 ടി20 മത്സരങ്ങളില്‍ നിന്നു 722 റണ്‍സ്. 81 ഉയര്‍ന്ന സ്‌കോര്‍. നാല് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com