പ്രതിരോധത്തിലെ കാൽപ്പനികൻ, മൈതാനത്ത് ഒഴുകിപ്പരന്ന 'ഡെർ കൈസർ'

ലിബറോയെന്ന ആധുനിക ഫുട്ബോളിലെ സ്വീപ്പർ റോളിനു വർഷങ്ങൾക്ക് മുൻപ് തന്നെ അമ്പരപ്പിക്കുന്ന മികവിലൂടെ വ്യാകരണം ചമച്ച താരമായിരുന്നു കൈസർ
ഫ്രാൻസ് ബെക്കൻ ബോവർ/ എക്‌സ്
ഫ്രാൻസ് ബെക്കൻ ബോവർ/ എക്‌സ്

ഫുട്ബോളിലെ പ്രതിരോധ തന്ത്രത്തെ പൊളിച്ചെഴുതിയ കാവ്യാത്മക സാന്നിധ്യം. കാൽപന്തിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ പ്രതിഭാ വിലാസം. നായകനായും പരിശീലകനായും ജർമനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന്റെ അപൂർവ റെക്കോർഡ്. ജർമനിയുടെ പ്രിയപ്പെട്ട 'ഡെർ കൈസർ', അവരുടെ എക്കാലത്തേയും ഇതിഹാസ താരമായ ഫ്രാൻസ് ബെക്കൻബോവർ തന്റെ ജീവിത യാത്രയ്ക്ക് പൂർണ വിരാമം കുറിച്ച് യാത്ര പറയുമ്പോൾ തിരശ്ശീല വീഴുന്നത് ലോക ഫുട്ബോളിലെ സമ്പന്നമായ ഒരു യു​ഗത്തിനു കൂടി. 

1960കളുടെ മധ്യത്തിലും 70കളിലും ജർമൻ പ്രതിരോധ മതിലിന്റെ അടിത്തറയ്ക്ക് ബലം നൽകിയ താരമായിരുന്നു ബെക്കൻ ബോവർ. മിഡ്ഫീൽഡറായി തുടങ്ങി, പിന്നീട് പ്രതിരോധത്തിലെ അസമാന്യ വൈദ​ഗ്ധ്യത്തിലൂടെ ആ സ്ഥാനത്തിനു പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തിയ വിഖ്യാത താരം. 

ലിബറോയെന്ന ആധുനിക ഫുട്ബോളിലെ സ്വീപ്പർ റോളിനു വർഷങ്ങൾക്ക് മുൻപ് തന്നെ അമ്പരപ്പിക്കുന്ന മികവിലൂടെ വ്യാകരണം ചമച്ച താരമായിരുന്നു കൈസർ. മാൻ മാർക്കിങിനു പകരം മൈതാനത്ത് ഒഴുകിപ്പരന്നു കളിക്കുന്ന ശൈലിയാണ് അതിന്റെ കാതൽ. ആ റോളിൽ ബെക്കൻബോവർ മൈതാനം അടക്കി വാണു. മികവും കൃത്യതയും സമം ചേർത്തായിരുന്നു ബെക്കൻ ബോവർ കളം വാണത്. കളത്തിനകത്തും പുറത്തും അസാമാന്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു കൈസർ.

പശ്ചിമ ജർമനിക്കായി 1966ൽ ആദ്യമായി അദ്ദേഹം ലോകകപ്പിൽ കളിച്ചു. ക്വാർട്ടറിൽ ഉറു​ഗ്വെക്കെതിരെ 4-0ത്തിന്റെ തകർപ്പൻ ജയം നേടുമ്പോൾ അതിലൊരു ​ഗോൾ അദ്ദേഹത്തിന്റെ കന്നി ലോകകപ്പ് ​ഗോൾ കൂടിയായിരുന്നു. ആ ലോകകപ്പിൽ ഫൈനലിൽ ഇം​ഗ്ലണ്ടിനോടു പരാജയപ്പെട്ടെങ്കിലും ലോകകപ്പിലെ ​ഗോൾ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് പ്രതിരോധക്കാരനായ ബെക്കൻ ബോവറായിരുന്നു! 

ഫൈനൽ തോൽവിക്ക് പക്ഷേ നാല് വർഷത്തിനു ശേഷം 1970ൽ ഇം​ഗ്ലണ്ടിനോടു ബെക്കൻ ബോവറുടെ ജർമനി പകരം വീട്ടി. ഇം​ഗ്ലണ്ടിനെ വീഴ്ത്തി ജർമനി സെമിയിലേക്ക്. ആ ലോകകപ്പിലെ സെമി പോരാട്ടം ചരിത്രത്തിലിടം നേടിയതാണ്. നൂറ്റാണ്ടിന്റെ മത്സരമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പോരിൽ ജർമനി തോറ്റെങ്കിലും തോളിനേറ്റ ​ഗുരുതര പരിക്കുമായി ബെക്കൻ ബോവർ പോരാടിയത് അദ്ദേഹത്തിനു വീര പരിവേഷമാണ് നൽകിയത്. അനുവദിക്കപ്പെട്ട സബ്സ്റ്റിറ്റൂഷനുകൾ തീർന്നതോടെയാണ് ബെക്കൻ ബോവർക്ക് അന്ന് കളി മുഴുമിപ്പിക്കേണ്ടി വന്നത്. 

ജർമൻ ക്യാപ്റ്റനായി 1972ൽ യൂറോ കപ്പും 74ൽ ലോകകപ്പും അദ്ദേഹം നാട്ടിലെത്തിച്ചു. ടോട്ടൽ ഫുട്ബോളിന്റെ സൗന്ദര്യവുമായി എത്തിയ ഹോളണ്ടിന്റെ ഓറഞ്ച് പടയെയാണ് ബെക്കൻ ബോവറുടെ സംഘം ഫൈനലിൽ വീഴ്ത്തിയത്. ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിനെ ഇടം വലം തിരിയാതെ പൂട്ടിയ ബെക്കൻ ബോവറുടെ തന്ത്രമാണ് ഹോളണ്ടിന്റെ അടി തെറ്റിച്ചത്. 

ഡിഫൻസീവ് സ്വീപ്പറിൽ നിന്നു ബെക്കൻ ബോവർ ഒഫൻസീവിലേക്ക് മാറിയതോടെ കളിയുടെ ​ഗതി അര മണിക്കൂറിനുള്ളിൽ തന്നെ തിരിഞ്ഞു. ഓറഞ്ച് പട അന്നു കളിച്ച ടോട്ടൽ ഫുട്ബോളിന്റെ മറ്റൊരു രൂപം മൈതാനത്ത് കാണിച്ചു ബെക്കൻ ബോവറും സംഘവും. പാസിങിലെ കൃത്യതയും ലോങ് ബോളുകളുമെല്ലാം ഇടതടവില്ലാതെ പെയ്യാൻ തുടങ്ങിയതോടെ ക്രൈഫും സംഘവും ഫൈനലിൽ നോക്കി നിൽക്കേണ്ട അവസ്ഥയിലായി.

വിരമിച്ച ശേഷം അദ്ദേഹം പരിശീലകനായി. 1990ൽ അദ്ദേഹം പരിശീലിപ്പിച്ച ജർമൻ ടീമിനും ലോകകപ്പ് നേട്ടത്തിന്റെ മധുരം. ബയേൺ മ്യൂണിക്കിന്റെ കളിക്കാരനായും പരിശീലകനായും പ്രസിഡന്റായുമെല്ലാം കൈസർ നിറ സാന്നിധ്യമായിരുന്നു. ബയേണിനൊപ്പം ചാമ്പ്യൻസ് ലീ​ഗ്, ബുണ്ടസ് ലീ​ഗ നേട്ടങ്ങൾ. നാല് തവണ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമായും രണ്ട് തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും നേടി. 

ജർമൻ ഫുട്ബോളിലെ അതികായനായി നിൽക്കുമ്പോഴും അഴിമതി ആരോപണം അദ്ദേഹത്തിന്റെ പെരുമയ്ക്ക് കളങ്കമേൽപ്പിച്ചു. 2006ലെ ലോകകപ്പ് ജർമനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഫിഫയുടെ എത്തിക്സ് കമ്മിറ്റി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു. 2018ൽ റഷ്യക്കും 22ൽ ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അന്വേഷണത്തോട് അദ്ദേഹം മുഖം തിരിച്ചതും വിവാദമായി. മൂന്ന് മാസത്തെ വിലക്കും കൈസർക്ക് നേരിടേണ്ടി വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com