ഫിഫയെ ആക്രമിച്ച് ഉക്രെയ്ന്‍ ജനത; റഷ്യയെ കുത്തിയ ക്രൊയേഷ്യന്‍ സഹപരിശീലകന് ഉക്രെയ്ന്‍ ജോലി നല്‍കും

ഫിഫയുടെ നടപടി വന്നതിന് പിന്നാലെ വുകുജെവിക്കിനെ സഹപരിശീലക സ്ഥാനത്ത് നിന്നും ക്രൊയേഷ്യ പുറത്താക്കുകയായിരുന്നു
ഫിഫയെ ആക്രമിച്ച് ഉക്രെയ്ന്‍ ജനത; റഷ്യയെ കുത്തിയ ക്രൊയേഷ്യന്‍ സഹപരിശീലകന് ഉക്രെയ്ന്‍ ജോലി നല്‍കും

നിങ്ങള്‍ ഇവിടേക്ക് വരൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് ജോലി നല്‍കാം. ഉക്രെയ്‌നിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന് ക്രൊയേഷ്യ പുറത്താക്കിയ സഹപരിശീലകന്‍ വുകുജെവിക്കിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉക്രെയ്ന്‍. 

റഷ്യയുടെ കുതിപ്പിന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഉക്രെയ്‌നെ പിന്തുണച്ച് റഷ്യയെ കുത്തുകയായിരുന്നു വുകുജെവിക്കും ക്രൊയേഷ്യന്‍ ടീമിലെ പ്രതിരോധ നിര താരം വിദയും. ഇരുവര്‍ക്കും ഫിഫ താക്കീത് നല്‍കുകയും ചെയ്തു. 

ഗ്ലോറി ഫോര്‍ ഉക്രെയ്ന്‍ മുദ്രാവാക്യം മുഴക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതിന് ഇരുവര്‍ക്കും 15000 ഡോളര്‍ ഫിഫ പിഴ വിധിച്ചിരുന്നു. ഫിഫയുടെ നടപടി വന്നതിന് പിന്നാലെ വുകുജെവിക്കിനെ സഹപരിശീലക സ്ഥാനത്ത് നിന്നും ക്രൊയേഷ്യ പുറത്താക്കുകയായിരുന്നു. 

ഇവര്‍ക്കെതിരെ ഫിഫ നടപടി സ്വീകരിച്ചതില്‍ ഉക്രെയ്ന്‍ പ്രതിഷേധ സ്വരം അറിയിച്ചിരുന്നു. ഫിഫ വുകുജെവിക്കിന് വിധിച്ചിരിക്കുന്ന പിഴ ഞങ്ങള്‍ നല്‍കുമെന്ന് ഉക്രെയ്ന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മാത്രമല്ല, ഗ്ലോറി ഫോര്‍ ഉക്രെയ്ന്‍ എന്നത് ഒരു വിവേചനപരമോ, ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ വാക്കല്ല എന്ന് കാണിച്ച് ഉക്രെയ്ന്‍ ഫിഫയ്ക്ക് കത്തയക്കുകയും ചെയ്തു. 

താരങ്ങള്‍ക്കെതിരെ ഫിഫയുടെ നടപടി വന്നതിന് പിന്നാലെ ഫിഫയുടെ ഫേസ്ബുക്ക് പേജിന് കൂട്ടത്തോടെയെത്തി വണ്‍ സ്റ്റാര്‍ നല്‍കി പ്രതിഷേധിക്കുകയാണ് ഉക്രെയ്ന്‍ ജനത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com