'ഒരക്ഷരവും മനസിലാവുന്നില്ലെങ്കിലും ഞാനിപ്പോള്‍ മലയാളം കമന്ററിയാണ് കേള്‍ക്കുന്നത്'; ഷൈജുവിന്റെ കളിപറച്ചിലിനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

ഷൈജുദാമോദരന്റെ കമന്ററി കേരളത്തിന് പുറത്തും ആരാധകരെ സൃഷ്ടിക്കുകയാണ്.മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്രയാണ് ഷൈജുദാമോദരന്റെ പുതിയ ആരാധകന്‍
'ഒരക്ഷരവും മനസിലാവുന്നില്ലെങ്കിലും ഞാനിപ്പോള്‍ മലയാളം കമന്ററിയാണ് കേള്‍ക്കുന്നത്'; ഷൈജുവിന്റെ കളിപറച്ചിലിനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

മുംബൈ: ഷൈജുദാമോദരന്റെ കമന്ററി കേരളത്തിന് പുറത്തും ആരാധകരെ സൃഷ്ടിക്കുകയാണ്.മഹീന്ദ്ര ഗ്രൂപ്പ് തലവന്‍ ആനന്ദ് മഹീന്ദ്രയാണ് ഷൈജുദാമോദരന്റെ പുതിയ ആരാധകന്‍.റൊണാള്‍ഡോ ഗോളടിച്ചതിനെ കുറിച്ച് ഷൈജു ദാമോദരന്‍ നല്‍കിയ വിവരണം വൈറലായി മാറിയിരുന്നു. ഇതാണ് ആനന്ദ് മഹീന്ദ്രയേയും ആകര്‍ഷിച്ചത്.' ഒരക്ഷരവും മനസിലാകുന്നില്ലെങ്കിലും എന്തൊരു ആകര്‍ഷണീയതയാണ് ഇയാളുടെ കമന്ററിക്ക് , ഞാന്‍ മലയാളം കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. അയാള്‍ ഹിന്ദി, ഇംഗ്ലീഷ് കമന്ററികളെ വെല്ലുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി ,ഷൈജുദാമോദരന്‍ സിസിഎല്ലിന്റെ ബൂംചിക്ക വാ വാ മാന്‍ ആണെന്ന് തുടങ്ങി പഴയ ഐഎസ്എല്‍ കമന്ററിയിലെ വാചകങ്ങള്‍ വരെ ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നെങ്കിലും കേരളത്തില്‍ വരുമ്പോള്‍ മലപ്പുറത്തേക്ക് ഒന്നുവരണമെന്നും ഫുട്‌ബോള്‍ പ്രേമികളുടെ നാടാണ് അതെന്നും ആനന്ദ് മഹീന്ദ്രയോട് അഭ്യര്‍ത്ഥിച്ച ഫുട്‌ബോള്‍ പ്രേമികള്‍ ഉണ്ട്. കേരളത്തില്‍ ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫഌക്‌സുകള്‍ നിരത്തിയതും മഴയത്ത് ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളുടെ വീഡിയോയും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


അതേസമയം , ഷൈജുദാമോദരനെ അഭിനന്ദിച്ച ട്വീറ്റ് കണ്ടിട്ട് 'ദേവ്യേ... എന്ന് നീട്ടി വിളിച്ച ഫുട്‌ബോള്‍ ആരാധകരും കുറവില്ല. ഇവിടെ ഞങ്ങള്‍ അദ്ദേഹത്തെ ട്രോളിക്കൊല്ലുകയാണ് , ജീവനും കൊണ്ട് ഇംഗ്ലീഷിലേക്ക് ഓടിയെന്നും ചില മലയാളികള്‍ പറയുമ്പോള്‍ മല്ലൂസ് കട്ടഫുട്‌ബോള്‍ ഫാന്‍സാണ് അതുകൊണ്ട് കമന്റേര്‍മാരും അങ്ങനെയാണ് എന്ന് അഭിമാനംകൊള്ളുന്നവരുമുണ്ട്.

 മലയാളം മനസിലാക്കാന്‍ വലിയ പ്രയാസമില്ല , പലതും സംസ്‌കൃതവും ഹിന്ദിയുമായി സാമ്യമുണ്ട്  അതുകൊണ്ട് അടുത്ത കളിയില്‍ സൂക്ഷിച്ച് കേള്‍ക്കൂ എന്ന് ആനന്ദ് മഹീന്ദ്രയ്ക്ക് ടിപ്പ് നല്‍കാനും ട്വിറ്ററേനിയന്‍സ് മറന്നില്ല. അറബിക്ക് കമന്ററിയും സ്പാനിഷുമാണ് ഗോാാാാാള്‍ എന്ന് കേള്‍ക്കാന്‍ സുഖകരം എന്നാണ് മറ്റുചിലര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com