ഹാരി കെയ്ന്‍ കൊടുങ്കാറ്റ്; പാനമയെ തച്ചുതകര്‍ത്ത് ഇംഗ്ലണ്ട്(6-1)

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇംഗ്ലണ്ട് പാനമയെ നിലംപരിശാക്കി
ഹാരി കെയ്ന്‍ കൊടുങ്കാറ്റ്; പാനമയെ തച്ചുതകര്‍ത്ത് ഇംഗ്ലണ്ട്(6-1)

നൊവൊഗാര്‍ഡ്: റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇംഗ്ലണ്ട് പാനമയെ നിലംപരിശാക്കി. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌ന്റെ ഹാട്രിക്കിന്റെ കരുത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ പരാജയപ്പെടുത്തിയത്. 


റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകാന്‍ ഏതാനും മത്സരങ്ങള്‍ മാത്രം അവശേഷിക്കേ, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ടോപ്പ് സ്‌കോററുമാരുടെ പട്ടികയില്‍ ഒന്നാമതായി എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. റൊണാള്‍ഡോ, ലുക്കാക്കു എന്നിവരെ പിന്തളളിയാണ് ഹാരി കെയ്ന്‍ മുന്നില്‍ നില്‍ക്കുന്നത്.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍  ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരം ഹാരി കെയ്ന്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ പാനമ വല ലക്ഷ്യമാക്കി നിറയൊഴിച്ചാണ് ടോപ്പ് സ്‌കോററായത്. അതേസമയം 78-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വല ചലിപ്പിച്ച് പാനമ ആശ്വാസ ഗോള്‍ നേടി.

ആദ്യ പകുതിയില്‍ പാനമയെ നിഷ്പ്രഭമാക്കി  ഇംഗ്ലണ്ട്  മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. അഞ്ചു തവണയാണ് പാനമ വല ഇംഗ്ലണ്ട് ചലിപ്പിച്ചത്. ഇതില്‍ നിന്നും കരകയറാന്‍ പാനമ ടീമിന് സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ തന്നെ ഇംഗ്ലണ്ട് വീണ്ടും പാനമ വല കുലുക്കി ഇംഗ്ലണ്ടിന്റെ ആധിപത്യം ഉറപ്പിച്ചു. ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് നിരയ്ക്ക് മുന്നില്‍ പാനമ പ്രതിരോധം ദുര്‍ബലരായി നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. 

ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെയും ജോണ്‍ സ്‌റ്റോണ്‍സിന്റെയും ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നത്.
45-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ വലയിലാക്കിയാണ് ലീഡ് നില അഞ്ചാക്കി ഉയര്‍ത്തിയത്. എട്ടാം മിനിറ്റല്‍ ജോണ്‍ സ്‌റ്റോണ്‍സാണ് ഗോള്‍ മഴയ്ക്ക് തുടക്കമിട്ടത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വീണ്ടും വല കുലുക്കി. തുടര്‍ന്ന് ലിന്‍ഗാര്‍ഡും സ്‌റ്റോണ്‍സുമാണ് ലീഡ് നില വീണ്ടും ഉയര്‍ത്തിയത്. 

ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

പെനാല്‍റ്റിയിലൂടെ തന്നെയാണ് കെയ്ന്‍ കളിയിലെ ആദ്യ ഗോളും നേടിയത്. എസ്‌കോബാര്‍ ബോക്‌സില്‍ ലിങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് ഒരു വെടിയുണ്ട് കൊണ്ട് ഫിനിഷ് ചെയ്ത് കെയ്ന്‍ ലീഡ് രണ്ടാക്കിയത്. 

ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിന് പനാമയെ കൂടി തോല്‍പിച്ചതോടെ ബെല്‍ജിയത്തിനൊപ്പം ആറു പോയിന്റായി. ബെല്‍ജിയത്തോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട പാനമ ഇംഗ്ലണ്ടിനോട് കൂടി തോറ്റതോടെ പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com