നാളെ യുഡിഎഫ് ഹര്‍ത്താല്‍; ഹര്‍ത്താല്‍ വിരുദ്ധ പോരാളി എംഎം ഹസന്‍ അവിടെത്തന്നെയില്ലേ?

ഹര്‍ത്താല്‍ വിരുദ്ധ പോരാട്ട നായകനായ എംഎം ഹസന്‍ കെപിസിസി പ്രസിഡന്റായി രണ്ടാഴ്ച തികയും മുമ്പേ യുഡിഎഫിന്റെ ഹര്‍ത്താല്‍ ആഹ്വാനം
നാളെ യുഡിഎഫ് ഹര്‍ത്താല്‍; ഹര്‍ത്താല്‍ വിരുദ്ധ പോരാളി എംഎം ഹസന്‍ അവിടെത്തന്നെയില്ലേ?

തിരുവനന്തപുരം: ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായ എംഎം ഹസന്‍ കെപിസിസി പ്രസിഡന്റായി നിയമിതനായി രണ്ടാഴ്ച തികയും മുമ്പ് യുഡിഎഫിന്റെ സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയ്ക്കും മറ്റു ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

പൊലീസ് നടപടിയുണ്ടാവുകയും അതിനെതിരെ പ്രതികരണങ്ങള്‍ ശക്തമാവുകയും ചെയ്തതിനു പിന്നാലെ തിരുവനന്തപുരം ജില്ലയിലാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപി തിരുവനന്തപുരത്തും കോഴിക്കോട്ടും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. യുഡിഎഫ് ഹര്‍ത്താല്‍ പിന്നീട് സംസ്ഥാന വ്യാപകമായി മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലിനെതിരെ ഉപവാസ സമരം നടത്തിയ ആളാണ് കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എംഎം ഹസന്‍. ഹര്‍ത്താല്‍ ശീലം സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നു എന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഹസന്‍ ഉപവാസം നടത്തിയത്. ഹസന്‍ ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടു തുടര്‍ന്നപ്പോഴും കോണ്‍ഗ്രസും യുഡിഎഫും ഹര്‍ത്താലുകള്‍ നടത്തി. ഇതിനോടെല്ലാം ഹസന്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ വിരുദ്ധ ബില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് നീക്കം നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക പോസ്റ്റിലൂടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാരുന്നു നിയമ നിര്‍മാണത്തിനു ശ്രമിച്ചത്. ഈ ബില്‍ ഇപ്പോള്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനിലാണ്.

എംഎം ഹസന്‍ കെപിസിസിയുടെ താത്കാലിക പ്രസിഡന്റായി നിയമിതനായപ്പോള്‍ പലരും ഉന്നയിച്ച ചോദ്യം കോണ്‍ഗ്രസ് ഇനി എങ്ങനെ ഹര്‍ത്താല്‍ നടത്തും എന്നതായിരുന്നു. പതിനൊന്നാം ദിവസം തന്നെ കോണ്‍ഗ്രസും യുഡിഎഫും അതിനു മറുപടി നല്‍കുകയാണ്, ദാ കണ്ടോളൂ, ഹസന്‍ നയിക്കുന്ന ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com