നേതൃത്വത്തെ തള്ളി എകെ മണി; പെമ്പിളൈ ഒരുമൈയെ പിന്തുണയ്ക്കാനില്ല, പ്രത്യേകം സമരം ചെയ്യും

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച മണിയുടെ നിലപാട് തെറ്റ് തന്നെയാണ്. അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യും എന്നാല്‍ പെമ്പിളൈ ഒരുമൈ സമരക്കാരെ സപ്പോര്‍ട്ട് ചെയ്യില്ല
നേതൃത്വത്തെ തള്ളി എകെ മണി; പെമ്പിളൈ ഒരുമൈയെ പിന്തുണയ്ക്കാനില്ല, പ്രത്യേകം സമരം ചെയ്യും

മൂന്നാര്‍: പെമ്പിളൈ ഒരുമൈ സമരത്തെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എകെ മണി. മന്ത്രി മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ സമരത്തിനിറങ്ങിയപ്പോഴാണ് എതിരഭിപ്രായവുമായി ഇടുക്കിയില്‍ നിന്നുള്ള പ്രമുഖ നേതാവ്  തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ഉമ്മന്‍ചാണ്ടി മൂന്നാറിലെത്തി സമരക്കാതെ സന്ദര്‍ശിച്ചിരുന്നു.

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച മണിയുടെ നിലപാട് തെറ്റ് തന്നെയാണ്. അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യും എന്നാല്‍ പെമ്പിളൈ ഒരുമൈ സമരക്കാരെ സപ്പോര്‍ട്ട് ചെയ്യില്ല. യുഡിഎഫും ഐഎന്‍ടിയുസിയും അതിനെതിനെതിരെ പ്രത്യേകം സമരം ചെയ്യും. മണി രാജിവെക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. നേതാക്കള്‍ വന്നതും സമരപ്പന്തലിലിരുന്നതും അവരുടെ താത്പര്യ പ്രകാരമായിരിക്കും.

ഇടുക്കിയിലെ കോണ്‍ഗ്രസിന് പെമ്പിളൈ ഒരുമൈ സമരത്തിനോട് ഒരു ഐക്യദാര്‍ഢ്യവുമില്ല.  മണി അപമാനിച്ചത് കേരളത്തിലെ മുഴുവന്‍ സ്ത്രീജനങ്ങളേയുമാണ്. മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്ന മാന്യതയല്ല മണിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഉമ്മന്‍ചാണ്ടി വന്നിട്ടും പെമ്പിളൈ ഒരുമൈ സമരത്തിനോട് യോജിക്കുന്നു എന്ന് പറഞ്ഞിട്ടില്ല.അദ്ദേഹം വന്നിട്ട് മണി രാജിവെക്കണം എന്നാണ് പറഞ്ഞത്.

കയ്യേറ്റവിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. ചെറുകിട കുടിയേറ്റക്കാരെ ഒരിക്കലും ഒഴിപ്പിക്കരുത്. അതിവിടുത്തെ പാവപ്പെട്ട തൊഴിലാളി സമൂഹത്തെയാണ് ബാധിക്കുന്നത്‌. വന്‍കിട കയ്യേറ്റങ്ങള്‍ തീര്‍ച്ചയായും ഒഴിപ്പിക്കുകതന്നെവേണം. അതിന് യുഡിഎഫ് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. എകെ മണി സമകാലിക മലയാളത്തിനോട് പറഞ്ഞു.

പെമ്പിളൈ ഒരുമൈ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹമെന്ന് ഉമ്മന്‍ ചാണ്ടി സമരക്കാരെ സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുക്കുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com