കൊച്ചി: തന്റെ പേരു പരാമര്‍ശിച്ചതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരെയെടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അജു വര്‍ഗീസ് പേരു പരാമര്‍ശിച്ചത് ബോധപൂര്‍വമാണെന്നു കരുതുന്നില്ലെന്ന് നടി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിലാണ് നടി നിലപാടു വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അജു വര്‍ഗീസ് നടിയുടെ പേരു പരാമര്‍ശിച്ചത്. ദിലീപ് അറസ്റ്റിലാവൂന്നതിനു മുമ്പായിരുന്നു ഇത്. ലൈംഗിക ആക്രമണത്തിന് ഇരയാവുന്നവരുടെ പേര് പൊതുമധ്യത്തില്‍ വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ചതിന് പൊലീസ് അജു വര്‍ഗീസിനെതിരെ കേസെടുക്കുകയായിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടിവ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയുടെ സത്യവാങ്മൂലവും ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അജു വര്‍ഗീസ് ബോധപൂര്‍വമാണ് പേരു വെളിപ്പെടുത്തിയത് എന്നു കരുതുന്നില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്നുമാണ് സത്യവാങ്മൂലം വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ