നടിയെ ആക്രമിച്ച കേസ്:  അറസ്റ്റുചെയ്ത അഡ്വ.രാജു ജോസഫിനെ ജാമ്യത്തില്‍ വിട്ടു

Published: 02nd August 2017 07:57 PM  |  

Last Updated: 02nd August 2017 10:23 PM  |   A+A-   |  

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫിന്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടുപോയത് ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. 

പള്‍സര്‍ സുനി നല്‍കിയ മെമ്മറി കാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിക്കുകയായിരുന്നു എന്നും അഡ്വ.പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു.ഇത് രണ്ടാം തവണയാണ് ജോസഫിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. 

ടിഎന്‍ 69 ജെ 9169 നമ്പറിലുള്ള തമിഴ്‌നാട് തൂത്തുക്കുടി രജിസ്‌ട്രേഷനിലുള്ള  വാഹനത്തിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനൊപ്പം എത്തിയത്. കേസില്‍ ഉള്‍പ്പെട്ട വാഹനമായതിനാല്‍ കാറിന്റെ മറ്റുവിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റില്‍ നിന്നും നീക്കം ചെയതിരിക്കുകയാണ്.