ഓണ്‍ലൈന്‍ ക്വട്ടേഷന്‍കാര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ് 

ക്വട്ടേഷന്‍ ഏറ്റെടുത്തെന്നു കരുതുന്ന പബ്ലിക് റിലേഷന്‍ സ്ഥാപനത്തിനെതിരായ തെളിവുകള്‍ സൈബര്‍ ഡോം ശേഖരിച്ചുതുടങ്ങി
ഓണ്‍ലൈന്‍ ക്വട്ടേഷന്‍കാര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൊലീസ് 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. സൈബര്‍ പിആര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തെന്നു കരുതുന്ന പബ്ലിക് റിലേഷന്‍ സ്ഥാപനത്തിനെതിരായ തെളിവുകള്‍ പൊലീസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോം ശേഖരിച്ചുതുടങ്ങി. 

മാധ്യമങ്ങള്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാന്‍ ക്വട്ടേഷന്‍ സംഘം അറിയപ്പെടുന്ന പലര്‍ക്കും പണം നല്‍കി എന്നാണ് പൊലീസിന്  ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക വിവരം. കേരളത്തില്‍ ആദ്യമായാണ് ക്രിമിനല്‍ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കവെ നവമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രതിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. 

അറസ്റ്റിലായ ദിലീപിനെതിരെ അഭിപ്രായം പറഞ്ഞ ചലചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയും ഇവര്‍ വ്യാപക സൈബര്‍ ആക്രമണം നടത്തി എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. 

ദിലീപ് അറസ്റ്റിലായ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതലാണ് സോഷ്യല്‍ മീഡിയല്‍ ദിലീപ് അനുകൂല വാര്‍ത്തകളും പോസ്റ്റുകളും വ്യാപകമായി പ്രചിപ്പിക്കപ്പെട്ടുതുടങ്ങിയത്. പല പോസ്റ്റുകള്‍ക്കും ഒരുലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം പുതിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദിലീപിന് വേണ്ടി നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ഇവയില്‍ പലതും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐഡികളാണെന്ന് പൊലീസ് കണ്ടെത്തി. ദിലീപിനെതിരെ വാര്‍ത്ത നല്‍കികൊണ്ടിരുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തിരിഞ്ഞു വാര്‍ത്ത കൊടുത്തു തുടങ്ങി. ഇതില്‍ പൊലീസിനേയും,എഡിജിപി ബി.സന്ധ്യയേും മാധ്യമങ്ങളേയും നടി മഞ്ചു വാര്യരേയും അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് കൂടുതലും വരുന്നത്. 

ഇപ്പോള്‍ ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ ഏജന്‍സി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കാര്യക്ഷമമായി ഓണ്‍ലൈന്‍ പ്രചാരണം നടത്തിയ കമ്പനിയാണ്. മറ്റു സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ അന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നുവെന്ന് ആരോപണമുയരുന്നു. 

ദിലീപിനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് വ്യാജ പ്രചാരണങ്ങള്‍ പരത്തുന്നത്. ചാനലുകളില്‍ വിളിച്ച് ദിലീപ് അനുകൂലമായി സംസാരിച്ച് റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടുക, ദിലീപിനെതിരെ അഭിപ്രായം പറയുന്നവരെ സോഷ്യല്‍മീഡിയയില്‍ വളഞ്ഞിട്ട് അസഭ്യ വര്‍ഷം നടത്തുക, മാധ്യമ വിചാരണ നിര്‍ത്തണം,കോടതി കുറ്റക്കാരനാണ് എന്ന് വിധിക്കുന്നതുവരെ പ്രതി എന്നു വിളിക്കരുത് തുടങ്ങി പലതരത്തിലാണ് ദിലീപ് അനുകൂല ക്യാമ്പയിന്‍ നടത്തുന്നത്.അറസ്റ്റോടെ നഷ്ടപ്പെട്ട ദിലീപിന്റെ താരമൂല്യം തിരികെക്കൊണ്ടുവരിക,പൊതുസമൂഹത്തില്‍ സഹതാപ തരംഗം സൃഷ്ടിക്കുക എന്നിവയയാണ് ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ അജണ്ടകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com