അഴിമതി ഇല്ലാത്തവരാണ് ബിജെപി നേതൃത്വത്തിലുള്ളതെങ്കില്‍ അത് വരും ദിവസങ്ങളില്‍ കാണാമെന്ന് ആര്‍എസ് വിനോദ്

എന്നെ പുറത്താക്കിയ ശേഷം തനിക്കെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണോ പാര്‍ട്ടി നേതൃത്വം കരുതുന്നത് -വിജിലന്‍സിന് മുമ്പില്‍ തന്റെ നിരപരാധിത്വം തെളിയിക്കും
അഴിമതി ഇല്ലാത്തവരാണ് ബിജെപി നേതൃത്വത്തിലുള്ളതെങ്കില്‍ അത് വരും ദിവസങ്ങളില്‍ കാണാമെന്ന് ആര്‍എസ് വിനോദ്

തിരുവനന്തപുരം: മെഡിക്കല്‍ കൊളേജ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബിജെപിയുടെ സംസ്ഥാന കമ്മറ്റി അംഗവും സഹകരണ സെല്‍ കണ്‍വീനറുമായിരുന്ന ആര്‍ എസ് വിനോദ് രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കിയ ശേഷം തനിക്കെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണ പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണോ പാര്‍ട്ടി നേതൃത്വം കരുതുന്നത്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. അപ്പോള്‍ ഏതൊക്കെ നേതാക്കള്‍ ഉണ്ടാകുമെന്നും കാത്തിരുന്ന് കാണാം. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

താന്‍ പറയാത്ത കാര്യങ്ങളാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത്. ഞാന്‍ കൈയ്യൊപ്പിട്ട് നല്‍കിയ മൊഴിയുടെ പകര്‍പ്പ് അന്വേശഷണ കമ്മീഷന് മുമ്പാകെ നല്‍കിയിട്ടുണ്ട്. ആര്‍ജ്ജവമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ കെപി ശ്രീശനും എംകെ നസീറും തയ്യാറാകണം. ബിജെപി സംസ്ഥാന അധ്യക്ഷന് നല്‍കിയ റിപ്പോര്‍ട്ട് സ്വന്തം ഇഷ്ടപ്രകാരം അവര്‍ തയ്യാറാക്കിയതാണെന്നും തിരുത്തിയ റിപ്പോര്‍ട്ടാണെന്നും ആര്‍എസ് വിനോദ് പറഞ്ഞു. എംടി രമേശിന്റെ പേര് പറയാന്‍ കെ പി ശ്രീശന്‍ എല്ലാവരോടും ആവശ്യപ്പെ്ട്ടിരുന്നു. ഇത് ആരൊക്കയോ തയ്യാറാക്കിയ തിരക്കഥയാണെന്നും വിനോദ് പറഞ്ഞു. പരാതിയില്‍ പണമെത്തിച്ച് നല്‍കിയെന്ന് പറയുന്ന സതീഷ് നായരെ തനിക്ക് പരിചയമില്ല. ഇത് ഫാബ്രിക്കേറ്റ് ചെയ്ത റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റിന് നല്‍കിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പാര്‍ട്ടി അധ്യക്ഷനെ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്നും വിനോദ് പറഞ്ഞു

ഇല്ലാത്ത പരാതിയുടെ പേരിലാണ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 5 കോടി 60 ലക്ഷം എന്നൊക്കെ പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണ്. ഇക്കാര്യം ഷാജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരാതി നല്‍കിയിട്ടില്ലെന്ന് ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞ വിനോദ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെ സിസി ടിവി പരിശോധിക്കണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം വിനോദ് പറഞ്ഞ് കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് രേഖപ്പെടുത്തിയതെന്നും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷണകമ്മീഷന്‍ അംഗം നസീര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. അന്വേഷണത്തിനിടെ വിനോദിന്റെ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്നും നസീര്‍ പറഞ്ഞു. സതീഷ് നായര്‍ വഴി ഡല്‍ഹിയില്‍ പണമെത്തിച്ചെന്ന കാര്യം വിനോദ് തന്നെയാണ് കമ്മീഷനോട് പറഞ്ഞത്. അന്വേഷണ റിപ്പോര്‍്ട്ടില്‍ കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകും.അത് എത്രവലിയ നേതാക്കളായാലും നടപടിയെടുക്കുമെന്നും നസീര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com