വിഴിഞ്ഞം:  പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സുധീരന്‍, സുധീരന്റെ വീഴ്ചയെന്ന് മുരളീധരന്‍

വിഴിഞ്ഞം കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇതുപോലൊരു വലിയ പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യണമായിരുന്നുവെന്നുംവിഎം സുധീരന്‍ 
വിഴിഞ്ഞം:  പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് സുധീരന്‍, സുധീരന്റെ വീഴ്ചയെന്ന് മുരളീധരന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യസമതിയോഗത്തില്‍ വിഎം സുധീരനും കെ മുരളീധരനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. വിഴിഞ്ഞം കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇതുപോലൊരു വലിയ പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യണമായിരുന്നുവെന്നുംവിഎം സുധീരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ ഒരു തലത്തിലും വിഴിഞ്ഞം കരാറിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇത് ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. എന്നാല്‍ സുധീരന്റെ നിലപാടിനെ കെ മുരളീധരന്‍ യോഗത്തില്‍ ചോദ്യം ചെയ്തു. കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയോഗം വിളിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. സുധീരന്‍ ഇതിനോട് പ്രതികരിച്ചില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. 

വ്യത്യസ്ത അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജ്യൂഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യാമെന്ന പൊതുനിലപാടിലാണ് യോഗം എത്തിയത്. അതേസമയം വിഴിഞ്ഞം കരാറില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് എംഎം ഹസന്‍ പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെന്ന് പറയുന്ന അതേസ്വരത്തില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിക്ക് ബോധ്യമില്ലെങ്കില്‍ കരാര്‍ റദ്ദാക്കി പുതിയ പദ്ധതി നടപ്പാക്കണം. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്ത് ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ നടപ്പാക്കിയ കരാര്‍ നിലവിലുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ കരാര്‍ വേണമെങ്കില്‍ റദ്ദ് ചെയ്യാമെന്ന വ്യവസ്ഥയും കരാറിലുണ്ടെന്നും അതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു.

കേരളവികസനത്തിന് ആവശ്യമുണ്ടെന്ന് ഉറപ്പുള്ളതിനാലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല. വസ്തുതാ പരമല്ലാത്ത നിഗമനങ്ങള്‍ അവരുടെ മുമ്പില്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയില്‍ ഗുരുതരമായ അഴിമതി ആരോപണമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തെ പാര്‍ട്ടിയും സ്വാഗതം ചെയ്യുന്നുവെന്ന് എംഎം ഹസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com