സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികള്‍ പട്ടിക പ്രകാരം പരിശോധിച്ച് പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി 
സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കപ്പെടണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016-17 ല്‍ ആരംഭിച്ചതും പൂര്‍ത്തിയാകാത്തതുമായ ഇത്തരം പദ്ധതികളുടെ പട്ടിക ചീഫ് സെക്രട്ടറിക്കു നല്‍കും. ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികള്‍ പട്ടിക പ്രകാരം പരിശോധിച്ച് പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അവലോകനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
    
എത്ര നിര്‍മാണ പ്രവൃത്തികളാണ് വകുപ്പില്‍ ബാക്കിയുള്ളത്, ഇതില്‍ 2017-18 ലെ ആദ്യ ക്വാര്‍ട്ടറില്‍ പൂര്‍ത്തിയാക്കാവുന്നവ എത്ര, മൂന്നാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറുകളില്‍ പൂര്‍ത്തിയാവുന്നവ, 2018 മാര്‍ച്ചില്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ ഏവ, ഇവ തുടരണമോ എന്നിവ സംബന്ധിച്ച് മെയ്മാസത്തിലെ ആദ്യ അവലോകനയോഗത്തില്‍  ഓരോ വകുപ്പും വ്യക്തമാക്കണം. ഇത്തരത്തില്‍ വകുപ്പുകള്‍ നടത്തുന്ന പുരോഗതി അവലോകനം മാസംതോറും ചീഫ് സെക്രട്ടറി നടത്തുന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ സൂക്ഷ്മമായി വിലയിരുത്തുകയും വേണം.
    
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തിന് കാര്യക്ഷമതയില്ലെന്ന പരാതി മാറ്റിയെടുക്കണം. പുതിയ പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ വിശദമായ നിര്‍വഹണ പ്ലാന്‍ തയ്യാറാക്കിയിരിക്കണമെന്നും നിര്‍വഹണ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണം തീരാതെ വര്‍ഷങ്ങളായി തുടരുന്ന പദ്ധതികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കി പെട്ടെന്ന് നടത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്ല ഒരു സന്ദേശമാകും നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച റോഡ് മാപ് എപ്പോഴത്തേക്ക് തയ്യാറാക്കാന്‍ കഴിയുമെന്ന് ഉടന്‍ തീരുമാനിക്കണം. സെക്രട്ടറിമാരുടെ അടുത്ത യോഗത്തില്‍ പൂര്‍ത്തിയാക്കല്‍ മാപ് ബന്ധപ്പെട്ട സെക്രട്ടറിമാര്‍ അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com