എന്‍സിപിയുടെ തീരുമാനം വരട്ടെ; സിപിഐയുടെ നടപടി തനിക്കു മനസിലാവാത്ത കാര്യമെന്ന് മുഖ്യമന്ത്രി

കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുള്ള വേദിയാണ് മന്ത്രിസഭായോഗം. അതില്‍നിന്നു വിട്ടുനില്‍ക്കുന്നു എന്നു പറയുന്നത് പതിവില്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ്.
എന്‍സിപിയുടെ തീരുമാനം വരട്ടെ; സിപിഐയുടെ നടപടി തനിക്കു മനസിലാവാത്ത കാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൈയേറ്റ വിവാദത്തില്‍ പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍സിപിയുടെ തീരുമാനം വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ എന്‍സിപി നേതാക്കളെ കണ്ടപ്പോള്‍ ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കണം എന്നാണ് അവര്‍ പറഞ്ഞത്. അതൊരു ശരിയായ കാര്യമായാണ് തനിക്കു തോന്നിയതെന്ന് മന്ത്രിസഭായോഗത്തിനു ശേഷം പിണറായി പറഞ്ഞു. മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്ന സിപിഐയുടെ നടപടി എന്തുകൊണ്ടെന്ന് തനിക്കു മനസിലാവുന്നില്ലെന്ന് പിണറായി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വന്നില്ല. ഇക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ചചെയ്തിരുന്നു. രണ്ടു കാര്യങ്ങളാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ഒന്ന് മുഖ്യമന്ത്രി തീരുമാനമെടുക്കുക. രണ്ട് എന്‍സിപി നിലപാടു വ്യക്തമാക്കുക. ഇതിനിടയ്ക്കാണ് ഹൈക്കോടതിയുടെ മുന്നില്‍ തോമസ് ചാണ്ടിയുടെ കേസ് വന്നത്. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എന്‍സിപി നേതൃത്വവുമായി സംസാരിച്ചത് ഇന്നു രാവിലെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

ഹൈക്കോടതി വിധിയുടെ കാര്യം എന്‍സിപി നേതാക്കളുമായി വിശദമായിത്തന്നെ ചര്‍ച്ച ചെയ്തു. അവര്‍ ഉന്നയിച്ച ആവശ്യം പാര്‍ട്ടി ദേശീയ നേതൃത്വുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നാണ്. അതു വേണ്ടെന്നു പറയാനാവില്ല. ചര്‍ച്ച ചെയ്ത് പത്തരയ്ക്കു ശേഷം തന്നെ അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. 

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍  പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. യോഗത്തിനിടയ്ക്ക് മന്ത്രി ഇ ചന്ദശേഖരന്‍ കത്ത് കൊടുത്തയച്ചു. തോമസ് ചാണ്ടി പങ്കെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ പങ്കെടുക്കേണ്ടെന്ന് അവരുടെ പാര്‍ട്ടി നിലപാടെടുത്തെന്നാണ് കത്തില്‍ പറയുന്നത്. അതുകൊണ്ട് പങ്കെടുക്കുന്നില്ലെന്നാണ് ചന്ദ്രശേഖരന്‍ അറിയിച്ചത്. ഇതൊരു അസാധാരണമായ നടപടിയാണ്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുള്ള വേദിയാണ് മന്ത്രിസഭായോഗം. അതില്‍നിന്നു വിട്ടുനില്‍ക്കുന്നു എന്നു പറയുന്നത് പതിവില്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ്. മന്ത്രിയായിരിക്കുമ്പോള്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. അതില്‍ ഒരു തെറ്റുമില്ല. സിപിഐ വിട്ടുനിന്നത് എന്തുകൊണ്ടെന്ന് അവരോടു ചോദിക്കണം. തനിക്കത് മനസിലാവില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തോമസ് ചാണ്ടി ധനാഢ്യനോ അല്ലയോ എന്നതു പ്രശ്‌നമല്ല. മന്ത്രിയാവുന്നതിനും എത്രയോ മുമ്പുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. അതില്‍ വ്യ്ക്തത വരേണ്ടതുണ്ടായിരുന്നു. ഇതില്‍ വന്നത് സ്വാഭാവികമായ കാലതാമസം മാത്രമാണ്.

മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല. ആ വാദം സമ്മതിച്ചുതരാനാവില്ല. മുന്നണി മന്ത്രിസഭയില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാനാവില്ല. സര്‍ക്കാരിനെതിരെ മന്ത്രി കേസ് നല്‍കിയതിനെക്കുറിച്ച് കോടതി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതില്‍ വീ്ണ്ടും താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപി ജയരാജന്റെയും ശശീന്ദ്രന്റെയും കാര്യത്തില്‍ മുഖ്യമന്ത്രി വേഗം തീരുമാനമെടുത്തല്ലോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം നിങ്ങള്‍ എന്റെ മേലില്‍ വച്ചുകെട്ടിയ കാര്യങ്ങള്‍ ആണെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com