സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്; പരിശോധിച്ച ശേഷം പറയാമെന്ന് മുഖ്യമന്ത്രി

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്; പരിശോധിച്ച ശേഷം പറയാമെന്ന് മുഖ്യമന്ത്രി

അന്വേഷണം സരിതയിലും ബിജുവിലും മാത്രം ഒതുങ്ങി - ഉമ്മന്‍ച്ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് - ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല - പരിശോധിച്ച ശേഷം പറയാമെന്ന്  മുഖ്യമന്ത്രി 

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി സൂചന. തട്ടിപ്പിനായി സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സോളാര്‍ ത്ട്ടിപ്പില്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. നാലുഭാഗമുള്ള റിപ്പോര്‍ട്ടില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. 

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം സ്ഥാപിക്കാനായതും അന്വേഷണ സംഘം വേണ്ട രീതിയില്‍ കേസന്വേഷിച്ചിട്ടില്ലെന്നും അന്വേഷണം ബിജുവിലും സരിതയിലും മാത്രം ഒതുങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.റിപ്പോര്‍ട്ട് കിട്ടിയതേയുള്ളു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട സമര്‍പ്പിച്ചത് നാലു ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. റിപ്പോര്‍ട്ട് കൈമാറുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.ഇന്ന് മൂന്ന് മണിക്കാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 

2013 ഒക്ടോബര്‍ 26 നാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. കാലാവധി അവസാനിപ്പിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ ജസ്്റ്റിസ് ശിവരാജന്‍ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറം ലോകം അറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com