പ്രളയക്കെടുതിയിലെ കാമുകിയുടെ ജീവിതം കണ്ട് മനസ്സലിഞ്ഞു ; ദുരിതാശ്വാസ ക്യാംപ് ഒറ്റ രാത്രി കൊണ്ട് വിവാഹവേദിയായി

ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വിവാഹത്തിന് വേദിയായത്
പ്രളയക്കെടുതിയിലെ കാമുകിയുടെ ജീവിതം കണ്ട് മനസ്സലിഞ്ഞു ; ദുരിതാശ്വാസ ക്യാംപ് ഒറ്റ രാത്രി കൊണ്ട് വിവാഹവേദിയായി

ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്ന് കാമുകിയായ പ്രതിശ്രുത വധുവിന്റെ ജീവിതം കണ്ട് യുവാവിന്റെ മനസ്സലിഞ്ഞു. മണിക്കൂറുകള്‍ക്കകം ദുരിതാശ്വാസ ക്യാംപില്‍ കതിര്‍ മണ്ഡപം ഉയര്‍ന്നു. ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അപൂര്‍വ വിവാഹത്തിന് വേദിയായത്. ഒറ്റരാത്രി കൊണ്ടാണ് ക്യാംപില്‍ വിവാഹ പന്തല്‍ ഉയര്‍ന്നത്. 

ആലപ്പുഴ കൈതവന കണ്ണാട്ട്കളം വീട്ടില്‍ ബിജുവിന്റെ മകന്‍ ബിനുവാണ്, കൈനകരി പ്രബുദ്ധമന്റെ മകള്‍ മീരയുടെ കഴുത്തില്‍ ഇന്നലെ താലി ചാര്‍ത്തിയത്. സ്‌കൂള്‍ കാലം മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ വിവാഹമുറപ്പിച്ചിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. പ്രളയത്തെത്തുടര്‍ന്ന് ഇരുവരുടെയും വീടുകള്‍ വെള്ളത്തിലായി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മീരയുടെ ദുരിതം ബിനുവിനെ വേദനിപ്പിച്ചു. 

ഇതോടെ വേഗത്തില്‍ തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് ദുരിതാശ്വാസ ക്യാമ്പില്‍ കതിര്‍മണ്ഡപമൊരുങ്ങിയത്. ക്യാമ്പംഗങ്ങളെ സാക്ഷിയാക്കി നടന്ന വിവാഹത്തില്‍ വളരെക്കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സമീപത്തെ പഴവീട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു വിവാഹം. സുഹൃത്തുക്കളുടെ വക സ്വീകരണവും ഒരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ ഒരുക്കിയ വിവാഹ സദ്യയും കഴിഞ്ഞ് വധൂവരന്മാര്‍ ബന്ധുവിന്റെ വീട്ടിലേക്കു യാത്രയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com