തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ മാതൃസഹോദരീപുത്രന്‍ ; സഹായിച്ചത് മൈസൂരിലെ ഗുണ്ടാസംഘം ; അഞ്ചുപേര്‍ പിടിയില്‍

വാഹനത്തില്‍ വെച്ച് തന്നെ ഇവര്‍ മര്‍ദിച്ചു. ഇതിന് ശേഷം തന്റെ വായിലേക്ക് മദ്യം ഒഴിച്ചതായും വിദ്യാര്‍ത്ഥി
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ മാതൃസഹോദരീപുത്രന്‍ ; സഹായിച്ചത് മൈസൂരിലെ ഗുണ്ടാസംഘം ; അഞ്ചുപേര്‍ പിടിയില്‍

പത്തനംതിട്ട : പത്തനംതിട്ട മഞ്ഞനിക്കരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അടുത്ത ബന്ധു. ഇയാള്‍ ഉള്‍പ്പെടെ സംഘത്തിലെ അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂരില്‍ വെച്ചാണ് സംഘം പിടിയിലായത്. വീട് കയറി ആക്രമിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. മൈസൂരുവിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. 

അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവും മകനുമാണ്  തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി അറിയിച്ചു. മൈസൂരില്‍ താമസിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസം, വിദ്യാര്‍ത്ഥിയും അമ്മൂമ്മയും മാത്രമുള്ള സമയത്ത് വീട്ടിലെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സുഹൃത്തുക്കളാണെന്നാണ് ബന്ധു പറഞ്ഞത്. അമ്മൂമ്മയെ തള്ളി താഴെയിട്ട ശേഷം ഇവര്‍ തന്നെ ബലമായി പിടിച്ചിറക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. രാത്രി 9,50 ഓടെയായിരുന്നു സംഭവം. 

വാഹനത്തില്‍ വെച്ച് തന്നെ ഇവര്‍ മര്‍ദിച്ചു. ഇതിന് ശേഷം തന്റെ വായിലേക്ക് മദ്യം ഒഴിച്ചതായും വിദ്യാര്‍ത്ഥി പറഞ്ഞു. വാഹനത്തില്‍ രണ്ട് വടിവാളും ചെയിനും അടക്കം ഉണ്ടായിരുന്നു എന്നും വിദ്യാര്‍ത്ഥി പറഞ്ഞു. പരിക്കേറ്റ കുട്ടി ഇപ്പോള്‍ പത്തനംതിട്ട ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ അച്ഛനും അമ്മയും സംഭവ സമയത്ത് ബംഗലൂരുവില്‍ പോയിരിക്കുകയായിരുന്നു. 

തന്നെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് കുട്ടി പറഞ്ഞു. ചെങ്ങന്നൂര്‍ വഴിയാണ് സംഘം പെരുമ്പാവൂരിലെത്തിയത്. ഇവിടെ വെച്ച് പൊലീസ് പിടിക്കുകയായിരുന്നു. മൈസൂരിലേക്ക് കടത്താനായിരുന്നു ഇവരുടെ പ്ലാനെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കുട്ടി പറഞ്ഞു. 

മുമ്പും ബന്ധു പണത്തിനായി വീട്ടില്‍ എത്തിയിട്ടുണ്ട്. ഇവര്‍ മൈസൂരിലാണ് താമസിക്കുന്നതെന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടിയെ മോചിപ്പിക്കുന്നതിന് 25 ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നതായും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com