പാലക്കാട്: മീങ്കര അണക്കെട്ടു കാണാന്‍ യുവാവിനൊപ്പം എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത് കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിദ്യാര്‍ത്ഥിനിയും യുവാവും മീങ്കര ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്ക്കുമ്പോള് ഡാം ജീവനക്കാരന് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി മറ്റൊരു സ്ഥലത്തു കാത്തുനില്ക്കാന് നിര്‍ദേശിക്കുകയും ഡാം സ്റ്റോപ്പില്‍ നിന്നു പെണ്‍കുട്ടിയെ ബസ് കയറ്റിവിടുകയും ചെയ്തു.
ബസിനെ പിന്തുടര്ന്ന് തൊട്ടടുത്ത സ്റ്റോപ്പില്‍ പെണ്‍കുട്ടിയെ ഇറക്കി കാടുപിടിച്ച പ്രദേശത്തേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മര്‍ദിക്കുകയും സ്വര്‍ണമാല കവരുകയും ചെയ്തിട്ടുണ്ട്. പിന്നീട് എം പുതൂര്‍ കനാല്‍ ഭാഗത്തു പെണ്‍കുട്ടിയെ ഇറക്കി വിട്ടു. ആദ്യം മീനാക്ഷിപുരം പൊലീസിനാണ് പീഡനം സംബന്ധിച്ച വിവരം ലഭിച്ചത്. കൊല്ലങ്കോട് പൊലീസിനു പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്സോ, മര്‍ദനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി വകുപ്പുകളില്‍ കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ