വനിതാ മതില്‍: കണ്ണൂരില്‍ അഞ്ചു ലക്ഷം പേര്‍ അണിനിരക്കും, തിരുവനന്തപുരത്ത് പങ്കാളികളാവുന്നത് മൂന്നു ലക്ഷം വനിതകള്‍

വനിതാ മതില്‍: കണ്ണൂരില്‍ അഞ്ചു ലക്ഷം പേര്‍ അണിനിരക്കും, തിരുവനന്തപുരത്ത് പങ്കാളികളാവുന്നത് മൂന്നു ലക്ഷം വനിതകള്‍
കണ്ണൂരില്‍ നടന്ന സംഘാടക സമിതി യോഗം
കണ്ണൂരില്‍ നടന്ന സംഘാടക സമിതി യോഗം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ തിരുവനന്തപുരം ജില്ലയില്‍ മൂന്നു ലക്ഷം പേരും കണ്ണൂരില്‍ അഞ്ച് ലക്ഷം പേരും പങ്കെടുക്കും. കാസര്‍ക്കോട്ട് ഒരു ലക്ഷം പേരാണ് വനിതാ മതിലില്‍ പങ്കെടുക്കുക. വിവിധ ജില്ലകളില്‍ സംഘാടക സമിതി രൂപീകരണം പൂര്‍ത്തിയായി. 

ജനുവരി ഒന്നിന് വൈകീട്ട് നാല് മണിക്കാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 ഓളം കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തായി വനിതാ മതില്‍ തീര്‍ക്കുന്നത്. തുടര്‍ന്ന് പ്രതിജ്ഞയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പൊതുയോഗവും ഉണ്ടാകും. പരിപാടി വിജയിപ്പിക്കുന്നതിനായി പഞ്ചായത്ത്, നഗരസഭാ, ഡിവിഷന്‍, വാര്‍ഡ് തലത്തില്‍ ഡിസംബര്‍ 20 നകം പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും.

തിരുവനന്തപുരത്ത് ജില്ലയുടെ വടക്കേ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമവരെയാണു വനിതാമതില്‍ തീര്‍ക്കുന്നത്. മൂന്നു ലക്ഷം വനിതകളാകും തലസ്ഥാന നഗരവീഥികളില്‍ മതിലൊരുക്കി ചരിത്രം സൃഷ്ടിക്കാനെത്തുക. 

കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം വരെയുള്ള 43.5 കിലോമീറ്റര്‍ നീളത്തിലാണ് വനിതാമതില്‍ തീര്‍ക്കുന്നത്. പരിപാടിയുടെ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്നു. കണ്ണൂരില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. 

ജനുവരി ഒന്നിന് വൈകിട്ട് നാലിനാണ് വനിതാ മതില്‍ ഒരുക്കുക. മൂന്നരയ്ക്കു ട്രയല്‍ റണ്ണും നാലു മണിക്ക് പ്രതിജ്ഞയും ചൊല്ലും. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയുടെ ഭാഗമായി അയ്യന്‍കാളി പ്രതിമ, പബ്ലിക് ഓഫിസ്, വികാസ് ഭവന്‍, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, ശ്രീകാര്യം, കഴക്കൂട്ടം, കാര്യവട്ടം, കണിയാപുരം, മംഗലപുരം, കോരാണി, മാമം, ആറ്റിങ്ങല്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, കച്ചേരിനട, ആലംകോട്, കല്ലമ്പലം, നാവായിക്കുളം, കടമ്പനാട്ടുകോണം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com