ഇങ്ങനെ പോയാല്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ ഉണ്ടാവില്ലല്ലോയെന്ന് ജസ്റ്റിസ് ചിദംബരേഷ് ; പിറവം പള്ളിക്കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി

യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടാം തവണയാണ് പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ബെഞ്ച് പിന്മാറുന്നത്
ഇങ്ങനെ പോയാല്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാര്‍ ഉണ്ടാവില്ലല്ലോയെന്ന് ജസ്റ്റിസ് ചിദംബരേഷ് ; പിറവം പള്ളിക്കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി


കൊച്ചി : പിറവം പള്ളിക്കേസില്‍ നിന്നും ഹൈക്കോടതിയിലെ പുതിയ ബെഞ്ചും പിന്മാറി. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്. കേസ് കേള്‍ക്കുന്നതില്‍ നിന്നും രണ്ടാമത്തെ ബെഞ്ചാണ് പിന്മാറുന്നത്. 

കേസ് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ തന്നെ യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാള്‍ ജസ്റ്റിസ് വി ചിദംബരേഷ്, നേരത്തെ പള്ളിയുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. അതിനാല്‍ അങ്ങനെയൊരാള്‍ കേസ് കേള്‍ക്കുന്നത് ഉചിതമാകില്ലെന്ന് അറിയിച്ചു. ഇതോടെ മറ്റാര്‍ക്കെങ്കിലും പരാതിയുേേണ്ടായെന്ന് കോടതി ചോദിച്ചു. സമാനമായ പരാതി ചിലര്‍ കൂടി ഉന്നയിച്ചതോടെ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് വി ചിദംബരേഷ്, നാരായണപിഷാരടി എന്നിവടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

പിന്മാറുന്ന കാര്യം അറിയിക്കുന്നതിനിടെ, ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാത്ത സ്ഥിതി വരുമോയെന്ന് വി ചിദംബരേഷ് അഭിപ്രായപ്പെടുകയും ചെയ്തു. കേസ് പരിഗണിക്കുമ്പോള്‍ മുമ്പ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളില്‍ ഹാജരായി എന്ന വാദം ഉയര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ചിദംബരേഷ് ഇക്കാര്യം പറഞ്ഞത്. നേരത്തെ പിറവം പള്ളിത്തര്‍ക്കത്തില്‍ ഡിസംബര്‍ 11 ന് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവടങ്ങിയ ബെഞ്ച് പിന്മാറിയിരുന്നു. 

ദേവന്‍ രാമചന്ദ്രന്‍ മറ്റൊരു കേസില്‍ ഹാജരായി എന്ന കാര്യം യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയതോടെയാണ് ബെഞ്ച് പിന്മാറിയത്. ബെഞ്ച് മാറ്റി വിധി അനുകൂലമാക്കാമെന്ന ചില കക്ഷികളുടെ മോഹമുണ്ട്. ബഞ്ച് ഹണ്ടിംഗ് എന്നത് വൃത്തികെട്ട നടപടിയാണെന്നും നേരത്തെ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുമ്പോള്‍ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി ആര്‍ രാമചന്ദ്രമേനോനും അടങ്ങിയ ബെഞ്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടാം തവണയാണ് പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ബെഞ്ച് പിന്മാറുന്നത്. 

.പള്ളിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇടവകക്കാരായ മത്തായി ഉലഹന്നാന്‍, മത്തായി തൊമ്മന്‍ തുടങ്ങിയവരാണു ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി വിധിയുടെ പേരില്‍ ഇടവകക്കാര്‍ക്കെതിരെ ബലംപ്രയോഗിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുതിരരുതെന്ന് പൊലീസുദ്യോഗസ്ഥരോടു നിര്‍ദേശിക്കണമെന്നാണു വാദം. ആവശ്യമെങ്കില്‍ 1934ലെ സഭാഭരണഘടന നിയമാനുസൃതം ഭേദഗതി ചെയ്തും അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്ന്, സുപ്രീംകോടതി 2017 ജൂലൈയിലെ 'കെ. എസ്. വര്‍ഗീസ് കേസ്' വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷമായവര്‍ സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നുവെന്നാണു ഹര്‍ജിയിലെ ആരോപണം. മതകര്‍മങ്ങള്‍ തടസ്സമില്ലാതെ അനുഷ്ഠിക്കാന്‍ ഇടവകക്കാര്‍ക്ക് അവകാശമുണ്ട്. സുപ്രീംകോടതി വിധിയുടെ പേരില്‍ പൊലീസ് ഉള്‍പ്പെടെ അധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ ഇടവകക്കാരുടെ മതാനുഷ്ഠാനങ്ങള്‍ക്കും സ്വത്തുക്കളുടെ സംരക്ഷണത്തിനും തടസ്സമാണ്. പള്ളിപ്പരിസരത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനും മതാനുഷ്ഠാനങ്ങള്‍ക്കു തടസ്സമില്ലാതിരിക്കാനും സര്‍ക്കാര്‍ ഇടപെടണം. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ മൂന്നിനു സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com