മകനെ ചുട്ടുകരിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം ; ശ്രമം വിജയിച്ചില്ലെന്നും ജയമോള്‍

കൊല നടത്തിയതും മൃതശരീരം കത്തിച്ചതും സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി കത്തിച്ചതുമെല്ലാം ഒറ്റയ്ക്കാണെന്ന് ജയമോള്‍ ആവര്‍ത്തിച്ചു 
മകനെ ചുട്ടുകരിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം ; ശ്രമം വിജയിച്ചില്ലെന്നും ജയമോള്‍

കൊട്ടിയം : പതിനാലുകാരനായ മകനെ ചുട്ടുകരിച്ചശേഷം ജഡം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു ലക്ഷ്യമെന്ന് അമ്മ ജയമോള്‍. ഒറ്റയ്ക്കായതിനാല്‍ ഈ ശ്രമം വിജയിച്ചില്ലെന്നും അമ്മ ജയമോള്‍ പൊലീസിനോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ എ ശ്രീനിവാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ജയമോളെ ചോദ്യം ചെയ്തത്. 

കൊലപാതകം നടത്തിയതും മൃതശരീരം കത്തിച്ചതും സമീപത്തെ പുരയിടത്തില്‍ കൊണ്ടുപോയി കത്തിച്ചതുമെല്ലാം ഒറ്റയ്ക്കാണെന്ന് ചോദ്യം ചെയ്യലില്‍ ജയമോള്‍ ആവര്‍ത്തിച്ചു. മുത്തച്ഛന്റെ വീട്ടില്‍ പോയി വന്ന മകന്‍ ജിത്തുവുമായി അടുക്കളയില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി. 

കഴുത്തില്‍ ഷാള്‍ മുറുക്കി മകനെ കൊലപ്പെടുത്തിയശേഷം വീടിനു പിറകിലെ മതിലിനോടുചേര്‍ത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൃതദേഹം പൂര്‍ണമായും കത്താത്തതിനെ തുടര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ കൊണ്ടിട്ടു. 

സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം അവിടെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. രാത്രി വീട്ടിലെത്തിയ ഭര്‍ത്താവിനോട് കടയില്‍ പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. രാവിലെ ആറുമണിക്ക് ജിത്തുവിന്റെ മൃതദേഹം കിടക്കുന്നിടത്ത് വന്ന് പരിശോധിച്ചു. മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തില്‍നിന്ന് അടര്‍ന്നുവീണ ശരീരഭാഗങ്ങള്‍ രാവിലെ തീയിട്ട് കത്തിച്ചെന്നും ജയമോള്‍ മൊഴി നല്‍കി. 

അതേസമയം കൊലപാതകവും മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചതും ഒറ്റയ്ക്കാണെന്ന ജയമോളുടെ വാദം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൂട്ടുപ്രതി ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതേസമയം ജയമോള്‍ക്ക് മാനസിക രോഗമുണ്ടെന്ന് ഭര്‍ത്താവും മകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, പ്രതിയെ വീണ്ടും മാനസികരോഗ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടുദിവസത്തിനകം പരിശോധനാറിപ്പോര്‍ട്ട് ലഭിക്കുമെന്നും, തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ് അറിയിച്ചു. 

കൊട്ടിയം നെടുമ്പന കുരീപ്പള്ളി കാട്ടൂരില്‍ ജിത്തു ജോബ് എന്ന പതിനാലുകാരനെ കഴിഞ്ഞ 15നാണ് കാണാതായത്. രണ്ടുദിവസങ്ങള്‍ക്കുശേഷം മൃതദേഹം പാതിവെന്ത നിലയില്‍ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com