യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല; മണ്ഡലം, മകരവിളക്കു കാലത്തും സംഘര്‍ഷം ഒഴിയില്ല

യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല; മണ്ഡലം, മകരവിളക്കു കാലത്തും സംഘര്‍ഷം ഒഴിയില്ല

സെപ്തംബര്‍ 28ലെ വിധിക്കു സ്റ്റേ ഇല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വരുന്ന മണ്ഡലം മകര വിളക്കു കാലം സംഘര്‍ഷഭരിതമാവാന്‍ സാധ്യതയേറി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു സ്റ്റേ ഇല്ല. വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചെങ്കിലും, സെപ്തംബര്‍ 28ലെ വിധിക്കു സ്റ്റേ ഇല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വരുന്ന മണ്ഡലം മകര വിളക്കു കാലം സംഘര്‍ഷഭരിതമാവാന്‍ സാധ്യതയേറി.

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം. 49 പുനപ്പരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിഗണിച്ചാണ് ബെഞ്ച് ഈ തീരുമാനത്തിലെത്തിയത്. ഹര്‍ജികള്‍ ചുരുങ്ങിയ സമയം മാത്രം പരിഗണിച്ച അഞ്ചംഗ ബെഞ്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സെപ്തംബര്‍ 28ലെ ഉത്തരവിനു സ്റ്റേ ഇല്ലെന്നു കോടതി വ്യക്തമാക്കി. ഇതോടെ വരുന്ന മണ്ഡലം മകര വിളക്കു കാലം സംഘര്‍ഷഭരിതമാവാന്‍ സാധ്യതയേറി. 550ല്‍ ഏറെ യുവതികള്‍ ഇതിനകം തന്നെ ദര്‍ശനത്തിനു തയാറായി പൊലീസ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ തടയുമെന്നു പ്രഖ്യാപിച്ച് ഹിന്ദു സംഘടനകളും രംഗത്തുണ്ട്. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 50 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. സമീപകാലത്ത് ഒരു കേസില്‍ ഇത്രയധികം പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത് ആദ്യമാണ്. കോടതി പരിഗണിക്കുന്നതിനു മുമ്പായി അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് ഹര്‍ജിയുമായി എത്തിയതോടെയാണ് പുനപ്പരിശോധനാ ഹര്‍ജികളുടെ എണ്ണം അന്‍പതായത്. അവസാനം വന്ന ഹര്‍ജിയൊഴികെയുള്ള 49 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ചേംബറിലാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത് എന്നതിനാല്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായില്ല. എഴുതി നല്‍കിയ വാദങ്ങള്‍ മാത്രമാണ് പരിഗണിച്ചത്. 

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 30 സംഘടനകളും ഹര്‍ജി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com