ശബരിമല: പിന്നോട്ട് പോക്കില്ല; ആക്രമണത്തിന് പിന്നില്‍ പരിശീലനം ലഭിച്ച ആര്‍എസ്എസുകാര്‍; അവര്‍ മഹാമേരുക്കളല്ലെന്ന് പിണറായി

ശബരിമല: പിന്നോട്ട് പോക്കില്ല; ആക്രമണത്തിന് പിന്നില്‍ പരിശീലനം ലഭിച്ച ആര്‍എസ്എസുകാര്‍; അവര്‍ മഹാമേരുക്കളല്ലെന്ന് പിണറായി

ഇന്നുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഇത് അനുവദിക്കണമോ എന്നാണ് നാം ചോദിക്കേണ്ടതെന്ന് പിണറായി

കോഴിക്കോട്: നമ്മുടെ നാടിനെ മുന്നോട്ടുള്ള പോക്കിനെ പുറകോട്ട് അടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. നാട് നേടിയ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് സമ്മതിച്ചാല്‍ നമ്മള്‍ അന്ധകരാത്തിലേക്കാണ് നീങ്ങുക. ഇന്നുള്ള നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഇത് അനുവദിക്കണമോ എന്നാണ് നാം ചോദിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. ഇതിനെതിരെ ആദ്യം മുന്നില്‍ വരേണ്ടത് യുവജനങ്ങളാണ്. അത് നല്ല രീതിയില്‍ പ്രകടമായി വരുന്നു. നാടിനെ പുറകോട്ടടിപ്പിക്കുന്ന ഈ ശക്തികള്‍ ഇരുട്ടിന്റെ ശക്തികളാണ്. അനാചാരങ്ങള്‍ വീണ്ടും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു

ഇതിനെതിരെ ചിലര്‍ ചില ശബ്ദമുയര്‍ത്തുന്നത് കണ്ട് ആരും തെറ്റിദ്ധരിക്കേണ്ട. അത് ഒരു ചെറിയ ശബ്ദം മാത്രമാണ്. അത് നമ്മെ ഉലക്കുന്നില്ല. അവര്‍ക്ക് ചെറിയ അക്രമം നടത്താന്‍ കഴിയുന്നുണ്ടാകും. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇരയായ കൂട്ടത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുമുണ്ട്. ശബരിമലയില്‍ പൂജാദ്രവ്യങ്ങള്‍ക്കൊപ്പം തേങ്ങയും കൊണ്ട് പോകും. തേങ്ങയുടെ ഇടികൊണ്ട ആളുകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആക്രമത്തില്‍ പരിശീലനം ലഭിച്ചവരാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്്. ഇത്  അംഗീകരിക്കില്ലെന്നും പിണറായി പറഞ്ഞു.

ബിജെപിയുടെ രഥയാത്രക്ക് നമ്മുടെ സമൂഹത്തില്‍ ഒരു പ്രതികരണവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍  ഈ നാട്ടിലെ മഹാമേരുക്കളല്ല. നാടെപ്പോഴും നാടിന്റെ മുന്നോട്ട്  പോക്കിനോടാണ് അണിനിരക്കാറ്. അതിനെ പുറകോട്ട് നയിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കാറുണ്ട്. അവരെ ചരിത്രം തള്ളിക്കളഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com