യുവതികള്‍ക്ക് പ്രത്യേക ദിവസം ദര്‍ശനം; തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും

ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക ദിവസങ്ങളില്‍ ദര്‍ശനമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും
യുവതികള്‍ക്ക് പ്രത്യേക ദിവസം ദര്‍ശനം; തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രത്യേക ദിവസങ്ങളില്‍ ദര്‍ശനമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം സുഗമമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മുന്നോട്ടുവച്ചു. ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകള്‍ക്കു ശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. 

ഞങ്ങള്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതി വിധിയുള്ളതിനാല്‍ സര്‍ക്കാരിന്റെ പരിമിതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ആചാരങ്ങളില്‍നിന്നു പിന്നോട്ടുപോവാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതില്‍ മാറ്റം വരുത്തണമെങ്കില്‍ വേറെ വേറെ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുള്ളതിനാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ശശികുമാര വര്‍മ പറഞ്ഞു.യുവതീ പ്രവേശനം പാടില്ലെന്നാണ് ഇപ്പോഴത്തെ നിലപാടെന്ന് ശശികുമാര വര്‍മ വ്യക്തമാക്കി.

ആചാരലംഘനം പാടില്ലെന്ന അവസ്ഥയില്‍ മാറ്റമുണ്ടാകരുതെന്നാണ് ഇപ്പോഴത്തെ നിലപാടെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ദയവായി യുവതികള്‍ അങ്ങോട്ട് വരരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് മുന്നോട്ട് വെക്കാനുള്ളത്. ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമോയെന്ന ചോദ്യത്തിന് അത് അപ്പോള്‍ തീരുമാനിക്കാം എന്നായിരുന്നു തന്ത്രിയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com